ന്യൂദൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. പാക്കേജിനെ വിമർശിച്ചുകൊണ്ട് കാർട്ടൂണിസ്റ്റ് സതീഷ് ചന്ദ്ര വരച്ച കാർട്ടൂൺ ഷെയർ ചെയ്ത്കൊണ്ടാണ് പ്രശാന്ത് ഭൂഷൺ വിയോജിപ്പ് പങ്കുവെച്ചത്.
അംബാനിക്കും അദാനിക്കും വേണ്ടിയുള്ള പാക്കേജാണിത് എന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ എയർപോർട്ടുകളും കൽക്കരി മേഖലയും കൂടി അവർക്ക് കൈമാറൂ എന്നും പറഞ്ഞു. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. എല്ലാ തൊഴിൽ സംരക്ഷണ നിയമങ്ങളും അട്ടിമറിച്ച് തൊഴിലാളികളെ ക്യാപിറ്റലിസ്റ്റുകളുടെ അടിമകൾ കൂടിയാക്കൂ എന്നും കേന്ദ്ര സർക്കാരിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച്ച കേന്ദ്ര ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനത്തിൽ സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ തന്ത്രപ്രധാന മേഖലകളിലുള്ള പൊതു മേഖല സ്ഥാപനങ്ങളുടെ എണ്ണം നാലാക്കി ചുരുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ദുർബല വിഭാഗങ്ങൾക്ക് അനകൂലമല്ല എന്ന വിമർശനം ഉയർത്തിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു.