Entertainment news
മീശമാധവന് ശേഷം ലാല്‍ജോസ് ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 08:55 am
Monday, 10th March 2025, 2:25 pm

2002 ല്‍ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. 50-തിലധികം മലയാള സിനിമകളില്‍ നിരവധി ചെറിയ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലുമായി പ്രശാന്ത് അഭിനയിച്ചു.

ഓര്‍ഡിനറി, ബെസ്റ്റ് ആക്ടര്‍, ഒരു മുറൈ വന്തു പാര്‍ത്തായ, ഇര, ദി ഗ്രേറ്റ് ഫാദര്‍, ആക്ഷന്‍ ഹീറോ ബിജു, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും അരങ്ങേറ്റം കുറിച്ചു.

മൈല്‍ സ്റ്റോണ്‍ മേക്കര്‍സിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടര്‍. ‘മീശമാധവന്‍’ പോലെയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ചിത്രത്തിന് ശേഷം, പാരലല്‍ സിനിമയായ കൊമേഴ്ഷ്യല്‍ അല്ലാത്ത അച്ഛനുറങ്ങാത്ത വീട് പോലൊരു ചിത്രം അന്ന് ലാല്‍ ജോസ് ചെയ്യേണ്ട ആവിശ്യമില്ലായിരുന്നു എന്ന് അദേഹം പറയുന്നു.

‘മീശമാധവന്‍ പോലൊരു ഹിറ്റ് ചിത്രത്തിന് ശേഷം വന്ന ഈ സിനിമക്ക് സാമ്പത്തിക പ്രശ്നം വരേണ്ടകാര്യമില്ല. ഇതൊരു പാരലല്‍ സിനിമയായിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ ലാലു ഏട്ടന് ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു.


ലാലു ഏട്ടന് സോഷ്യലി കമ്മിറ്റഡായൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്നാകാം സലീമേട്ടനെവച്ച് അങ്ങനെയൊരു സിനിമ ചെയ്തത്. സിനിമ നല്ലതാണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. എന്നാല്‍ സിനിമ കാണാന്‍ ആളുകള്‍ വന്നിരുന്നില്ല,’ പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.

content highlights: Prashant Alexander talks about the movie Achanurangatha veed