സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം നല്‍കി; കള്ളപ്പണ ആരോപണം വയനാട്ടിലേക്കും; ശബ്ദരേഖ പുറത്തുവിട്ട് പ്രസീത
Kerala News
സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം നല്‍കി; കള്ളപ്പണ ആരോപണം വയനാട്ടിലേക്കും; ശബ്ദരേഖ പുറത്തുവിട്ട് പ്രസീത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2021, 1:36 pm

കല്‍പ്പറ്റ: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍.

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെതാണ്  വെളിപ്പെടുത്തല്‍. 10 കോടി രൂപയാണ് സി.കെ ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യഘടുവായിട്ടാണ് പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തി.

കെ.സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടുണ്ട്. സി.കെ ജാനുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് താനാണ് സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയതെന്നും പ്രസീത പറഞ്ഞു.

പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് വന്നാല്‍ പണം നല്‍കാമെന്നും തെരഞ്ഞെടുപ്പ് സമയം ആയതിനാല്‍ പണം  കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറയുന്നുണ്ട്.

സി.കെ. ജാനുവുമായുള്ള ചര്‍ച്ചക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടിയിലേക്കും ഫണ്ട് ആവശ്യമുണ്ടെന്നും പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവന്ന ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് ഭീഷണിയുണ്ടെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


K Surendran pays Rs 10 lakh to CK Janu; The accusation is rising says Praseetha