|

പി.ടി.ഐയെ ഒഴിവാക്കി ആര്‍.എസ്.എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയുമായി കൈകോര്‍ത്ത് പ്രസാര്‍ ഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസ് പിന്തുണയുള്ള ഹിന്ദുസ്ഥാന്‍ സമാചാറുമായി കൈകോര്‍ത്ത് പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന പ്രസാര്‍ ഭാരതി, കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി 2017 മുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് സര്‍വീസുകള്‍ നല്‍കിയിരുന്നു. ഫെബ്രുവരി 9 2023ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി കരാറിലേര്‍പ്പെടുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഇതിനായി 7.7 കോടി രൂപയാണ് പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറിന് കൈമാറുക. കരാര്‍ പ്രകാരം പ്രതിദിനം നൂറ് വാര്‍ത്തകള്‍ എന്ന നിരക്കിലാണ് തുക.

2017ല്‍ തന്നെ പരമ്പരാഗത വാര്‍ത്താ ഏജന്‍സികളുടെ സേവനം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നതായി പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്യായമായ സബ്‌സ്‌ക്രിപ്ഷന്‍ ഫീ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരില്‍ നിന്നും സേവനം നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ഔദ്യോഗിക രേഖകള്‍ പ്രകാരം 15.75 കോടി രൂപയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ), യൂണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) എന്നീ വാര്‍ത്താ ഏജന്‍സികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതില്‍ 9 കോടി രൂപ പി.ടി.ഐയുടെ ഫീസാണ്.

യു.എന്‍.ഐ, പി.ടി.ഐ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രസാര്‍ ഭാരതി സമ്മര്‍ദ്ദം നേരിടുന്നതായി മുന്‍ വാര്‍ത്താ വിതരണ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി നേരത്തെ ആരോപിച്ചിരുന്നു. തങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ വെള്ളപൂശിക്കാണിക്കുന്ന ഏജന്‍സിയെയാണ് ബി.ജെ.പി സര്‍ക്കാരിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പി.ടി.ഐയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ആളെ നിയമിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും പി.ടി.ഐ ഇത് അവഗണിക്കുകയായിരുന്നു. 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പി.ടി.ഐയുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പി.ടി.ഐയുടെ രാജ്യവിരുദ്ധ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിനോട് ഒത്തുപോകാന്‍ സാധിക്കില്ലെന്നും ബന്ധം തുടരുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും പ്രസാര്‍ ഭാരതി അധികൃതര്‍ പലപ്പോഴായും മാധ്യമങ്ങളോട് പറഞ്ഞതായും ദി വയര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

1948ല്‍ ആര്‍.എസ്.എസ് പ്രചാരകനും വിശ്വ ഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവ്‌റാം ശങ്കര്‍ ആപ്‌തെ ആണ് ഹിന്ദുസ്ഥാന്‍ സമാചാറിന് തുടക്കമിടുന്നത്.

2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സര്‍ക്കാര്‍ പരസ്യങ്ങളുടെ ഗുണഭോക്താവായി മാറിയ ഹിന്ദുസ്ഥാന്‍ സമാചാര്‍ 1986ല്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2002ല്‍ എ.ബി വാജ്‌പേയ് അധികാരത്തിലെത്തിയതോടെ സ്ഥാപനം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.

Content Highlight: Prasar bharati to make up ties with RSS based Hindusthan Samachar after it cancelled contract with PTI