ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച് നിലവിൽ മലയാളത്തിലെ ശ്രദ്ധേയനായ നടനായി മാറിയ താരമാണ് പ്രശാന്ത് അലക്സാണ്ടർ.
ഈയിടെ ഇറങ്ങിയ പുരുഷ പ്രേതം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ തന്റെ പ്രകടനം കണ്ടിട്ട് മമ്മൂട്ടി തനിക്ക് മെസേജ് അയച്ചിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്.
മമ്മൂട്ടിയുടെ തന്നെ പളുങ്ക് പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ അഭിനയിച്ച പ്രശാന്ത് പിന്നീട് മമ്മൂക്കയോടൊപ്പം മധുര രാജ, സി.ബി. ഐ 5 തുടങ്ങിയ ചിത്രങ്ങളിൽ മുഴുനീള വേഷങ്ങളിൽ എത്തിയിരുന്നു. മമ്മൂക്കയുടെ മെസേജ് ഒരു വലിയ അംഗീകാരമായിരുന്നുവെന്നും അദ്ദേഹം ഞങ്ങളുടെ സിനിമയെ പ്രമോട്ട് ചെയ്തെന്നും പ്രശാന്ത് കാൻചാനൽ മീഡിയയോട് പറഞ്ഞു.
‘പളുങ്കിലൊക്കെ അഭിനയിക്കുമ്പോൾ ഞാൻ ടിവിയിൽ അവതാരകനും കൂടിയാണ്. അതുകൊണ്ടുതന്നെ ഒരു നടൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് എന്നെ അങ്ങനെ രജിസ്റ്റർ ആയിട്ടുണ്ടാവില്ല. സിനിമയിലെല്ലാം അഭിനയിക്കാൻ ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു പയ്യനായിരുന്നു ഞാനന്ന്. ചിലപ്പോൾ ആ ഗണത്തിൽ ആയിരിക്കും അദ്ദേഹം എന്നെ പെടുത്തിയിട്ടുണ്ടാവുക.
പക്ഷെ മധുര രാജ കഴിഞ്ഞ ശേഷമാണ് ഒരു നടനെന്ന നിലയിൽ ഇവൻ ഇത്രയും കാലം പിടിച്ചു നിന്നല്ലോയെന്നും എന്റെ ആഗ്രഹം സിനിമ തന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവുക എന്നാണ് എനിക്ക് തോന്നുന്നത്.
അതിനുശേഷമാണ് അദ്ദേഹത്തിൽ നിന്നും എനിക്കൊരു സപ്പോർട്ട് ഫീൽ ചെയ്യാൻ തുടങ്ങിയത്. സി.ബി.ഐ ഞങ്ങൾ ഒരുമിച്ച് ചെയ്തു. ഞാൻ അഭിനയിച്ച പുരുഷ പ്രേതം കണ്ടിട്ട് മമ്മൂക്ക എനിക്ക് മെസേജ് അയച്ചു. “ബോത്ത് യൂ ആൻഡ് സിനിമ വാസ് ബ്രില്യന്റ്” എന്നായിരുന്നു മെസേജ് അയച്ചത്. എന്നെ സംബന്ധിച്ച് അത് വളരെ വലിയൊരു അംഗീകാരമാണ്.
നമ്മൾ കണ്ടുവളർന്ന ഒരു നടനാണ്. അഭിനയം എന്നാൽ എന്താണ് എന്നതിനെ കുറിച്ച് നമുക്കൊരു ഏകദേശ ധാരണ നൽകിയ രണ്ട് നടൻമാരാണ് മമ്മൂട്ടിയും മോഹൻ ലാലും.
അതിന് മുൻപ് ആക്ടർസ് ഇല്ലായിരുന്നു എന്നല്ല. നമ്മൾ ജനിച്ചു വളർന്ന് വന്ന കാലഘട്ടത്തിൽ എപ്പോഴും നമ്മൾ ശ്രദ്ധിച്ച നടന്മാർ അവർ രണ്ട് പേരും തന്നെയല്ലേ. അതിൽ ഒരാൾ ഈ സിനിമയെ പറ്റി അങ്ങനെ പറയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
അദ്ദേഹം വീട്ടിൽ വരുന്ന പലരോടും ആ സിനിമ എന്തായാലും കാണണം എന്ന് പറഞ്ഞിരുന്നുവെന്ന് പലരും വിളിച്ച് പറയുമായിരുന്നു. ഞങ്ങളെ പ്രൊമോട്ട് ചെയ്യുകയും ചെയ്തു. അതെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്, പ്രശാന്ത് പറയുന്നു.
Content Highlight: Prasanth Talk About Mammooty