| Saturday, 1st June 2019, 12:53 pm

അതെങ്ങനാ, ഞാനൊരല്‍പനല്ലേ?; കണ്ണന്താനത്തെ ട്രോളി പ്രശാന്ത് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരോക്ഷമായി പരിഹസിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ്. അല്‍പന്‍സ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പ്രശാന്ത് നായര്‍ ഐ.എ.എസ് കണ്ണന്താനത്തെ ട്രോളിയത്.

‘അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ഇതൊന്നും TVല്‍ വരില്ലല്ലോ എന്ന് കരുതിയെങ്കിലും CCTV ല്‍ ഒരല്‍പം പോലും വിടാതെ, എല്ലാം പതിയുന്നുണ്ടായിരുന്നു’ എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പില്‍ ഒരിടത്തും കണ്ണന്താനത്തിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അല്‍പന്‍, റിലാക്‌സേഷന്‍, ടി.വിയില്‍ വരില്ലല്ലോ തുടങ്ങി കണ്ണന്താനവുമായി ബന്ധപ്പെടുത്തി വാക്കുകള്‍ ചേര്‍ത്താണ് പ്രശാന്ത് നായരുടെ കുറിപ്പ്.

കേന്ദ്ര ടൂറിസം മന്ത്രിയായി അല്‍ഫോന്‍സ് കണ്ണന്താനം ചുമതലയേറ്റതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ കൂടിയായിരുന്ന പ്രശാന്ത് നായരെ നിയമിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. എന്നാല്‍ പദവിയില്‍ ഒരു വര്‍ഷം പോലും തികയ്ക്കുന്നതിന് മുമ്പ് തന്നെ പ്രശാന്ത് നായര്‍ക്ക് സ്ഥാനമാറ്റം ഉണ്ടാവുകയാണ് ചെയ്തത്. പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് കണ്ണന്താനം തന്നെയായിരുന്നു കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. 2017 നവംബര്‍ 28നായിരുന്നു കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അല്‍പന്‍സ്

അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ഇതൊന്നും TVÂ വരില്ലല്ലോ എന്ന് കരുതിയെങ്കിലും CCTV ല്‍ ഒരല്പം പോലും വിടാതെ, എല്ലാം പതിയുന്നുണ്ടായിരുന്നു.

‘നിയമങ്ങളില്‍ ഒരല്‍പം പോലും റിലാക്‌സേഷന്‍ വേണ്ടെന്നും, മാനേജറുടെ കോണ്‍ട്രാക്ട് ഒരല്പനേരത്തേക്ക് പോലും നീട്ടി നല്‍കേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചു. മാനേജര്‍ക്ക് ഒരല്പം പോലും സഹിക്കാവുന്നതായിരുന്നില്ല അത്.

അല്പസമയത്തിനുള്ളില്‍ മാനേജര്‍ക്ക് സ്ഥലകാല വിഭ്രാന്തിയും മതഭ്രാന്തും ഒരല്പം മദപ്പാടും കാണപ്പെട്ടു. അയാളുടെ സിരകളിലൂടെ അല്പാല്പമായി അഹങ്കാരത്തിന്റെയും അല്‍പത്തരത്തിന്റെയും വിഷദ്രാവകം വമിച്ചു.

പണ്ടേ ബാങ്കിലെ ജോലിക്കാരെ അല്‍പാല്പം ഭത്സിച്ചിരുന്ന മാനേജര്‍ അന്ന് പൊട്ടിത്തെറിച്ചു. പ്യൂണിനെ അനല്‍പമായി തെറി പറഞ്ഞ്, ക്യാഷിയറെയും അല്‍പം ഭത്സിച്ച്, അക്കൗണ്ടന്റിനെയും പച്ചത്തെറിയല്പം പറഞ്ഞ് ഒരല്‍പം ത്രില്ലടിച്ച് കേറുമ്പോഴാണ്, താങ്കള്‍ക്കൊരല്‍പം പോലും നാണമില്ലേന്ന് ഒരല്‍പം മാറി നിന്നൊരു ക്ലര്‍ക്ക് ചോദിച്ചത്.

മാനേജര്‍ ഒരല്‍പം ആലോചിച്ച് മറുപടി പറഞ്ഞു.
അതെങ്ങനാ, ഞാനൊരല്‍പനല്ലേ?

We use cookies to give you the best possible experience. Learn more