ആ ബാങ്ക് മാനേജര്‍ കണ്ണന്താനവും സെക്യൂരിറ്റി കലക്ടര്‍ ബ്രോയും ആയിരുന്നോ? പ്രശാന്ത് നായരുടെ പഴയ പോസ്റ്റുകള്‍ ചര്‍ച്ചയാവുന്നു
Kerala News
ആ ബാങ്ക് മാനേജര്‍ കണ്ണന്താനവും സെക്യൂരിറ്റി കലക്ടര്‍ ബ്രോയും ആയിരുന്നോ? പ്രശാന്ത് നായരുടെ പഴയ പോസ്റ്റുകള്‍ ചര്‍ച്ചയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th June 2018, 3:38 pm

 

കോഴിക്കോട്: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പ്രശാന്ത് നായര്‍ പുറത്തായതിനു പിന്നാലെ ഒരാഴ്ച മുമ്പുള്ള പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാവുന്നു. കണ്ണന്താനവുമായുള്ള ഭിന്നതയുടെ സൂചനയായിരുന്നു പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മന്ത്രാലയത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയേയും കലക്ടര്‍ ബ്രോ ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ പുറത്താക്കിയതിനു പിന്നില്‍ എന്ന സംശയമാണ് പോസ്റ്റുകള്‍ ഉയര്‍ത്തുന്നത്. ജൂണ്‍ നാലിനും അഞ്ചിനുമുള്ള പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇത്തരമൊരു സൂചന നല്‍കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

“രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ടുവെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ. സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ” എന്നായിരുന്നു ജൂണ്‍ നാലിന്റെ പോസ്റ്റ്.


Also Read:കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ മത്സരിക്കും: നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ


 

ഇപ്പോഴാണ് കത്തിയതെന്ന് പറഞ്ഞാണ് പലരും ഇപ്പോള്‍ ഈ പോസ്റ്റിനു താഴെ കമന്റിടുന്നത്.

ഒരു കഥയെന്ന തരത്തില്‍ മറ്റൊരു പോസ്റ്റും ജൂണ്‍ അഞ്ചിന് പ്രശാന്ത് നായര്‍ പങ്കുവെച്ചിരുന്നു. ഇതും ഭിന്നതയുടെ സൂചനയാണെന്ന വിലയിരുത്തലുണ്ട്.

“ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കാണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും:

1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3) ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും.
4) മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5) സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും.

ഇതിലേതാ ഹീറോയിസം?” എന്നായിരുന്നു പോസ്റ്റ്. ഈ കഥയിലെ മാനേജര്‍ കണ്ണന്താനവും സെക്യൂരിറ്റി ബ്രോയും ആകാതിരുന്നാല്‍ മതിയെന്നായിരുന്നു നേരത്തെ തന്നെ പലരും പോസ്റ്റിനോടു പ്രതികരിച്ചത്.