ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പിന്തുണയ്ക്കുമ്പോള്‍ 2015 ല്‍ പാര്‍ട്ടിയില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ച ആളുകളെ ഓര്‍ക്കാന്‍ ജെ.ഡിയു നേതൃത്വം ഒരു നിമിഷമെങ്കിലും നിര്‍ബന്ധമായും ചെലവഴിക്കണമെന്ന് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജെ.ഡി.യു നേതൃത്വത്തെ വിമര്‍ശിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെ ഇന്ന് രാജ്യസഭയിലും പിന്തുണച്ച് ജെ.ഡി.യു രംഗത്തെത്തിയിരുന്നു. ബില്‍ വളരെ കൃത്യമാണെന്ന് ജെ.ഡി.യുവിനു വേണ്ടി രാജ്യസഭയില്‍ സംസാരിച്ച ആര്‍.സി.പി സിങ് അഭിപ്രായപ്പെട്ടു.
വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് സ്വീകരിച്ച നിലപാടിനെ നേരത്തെയും പ്രശാന്ത് കിഷോര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്നും ട്വിറ്ററിലൂടെയാണ് സ്വന്തം പാര്‍ട്ടിയെ വിമര്‍ശിച്ച് പ്രശാന്ത് രംഗത്തെത്തിയിരുന്നത്.
” മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള ,മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.” എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്.
ബില്ലിനെ പിന്തുണച്ച പാര്‍ട്ടികളില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഉള്‍പ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനാല്‍ തങ്ങളുടെ പാര്‍ട്ടി പൗരത്വ (ഭേദഗതി) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിംഗ് ലോക്സഭയില്‍ പറഞ്ഞത്.