ന്യൂദല്‍ഹി: ദല്‍ഹിയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീടുള്ള നാളുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമായി മാറി തീര്‍ന്നിരുന്നു. നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോര്, പിളര്‍പ്പ് എന്നിവയായിരുന്നു പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയെ ബാധിച്ചത്. ഇതില്‍ നിന്ന് മടങ്ങിവരാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ഒരു മൂന്നാം ശക്തിയാവാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വ്യത്യസ്ത വിമത ഗ്രൂപ്പുകളെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടു വരാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിമത എം.എല്‍.എമാരുടെ ഒരു വിഭാഗത്തെ നയിക്കുന്ന കന്‍വാര്‍ സന്ധു എം.എല്‍.എ പാര്‍ട്ടിയുമായി വീണ്ടും യോജിച്ച് പോവാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
മുന്‍ മന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ നവജ്യോത് സിംഗ് സിദ്ധുവിനെ ആംആദ്മി പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ടീം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് പഞ്ചാബില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ഈ റിപ്പോര്‍ട്ടുകളോട് സിദ്ധു പ്രതികരിച്ചിട്ടില്ല.
ദല്‍ഹിയിലെ പരാജയം പഞ്ചാബ് ബി.ജെ.പിയെയും ബാധിച്ചു. പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന്റെ കടയ്ക്കലിലാണ് ഇപ്പോള്‍ കത്തിവീണിരിക്കുന്നത്.
നിലവില്‍ ബി.ജെ.പി മത്സരിക്കുന്ന സീറ്റുകളേക്കാള്‍ ഒരു സീറ്റ് പോലും ബിജെ.പിക്ക് അധികം നല്‍കാനാവില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ സഖ്യകക്ഷിയായ അകാലി ദള്‍. ബി.ജെ.പി നേതാക്കളും ഇപ്പോള്‍ സീറ്റ് കൂടുതല്‍ ചോദിക്കേണ്ട എന്ന നിലപാടിലാണ് എത്തിനില്‍ക്കുന്നതെന്ന് അകാലി ദള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നു.
പഞ്ചാബില്‍ കഴിഞ്ഞ തവണ ആകെയുള്ള 117 സീറ്റില്‍ 23 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. 117ല്‍ പകുതി സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.
പൗരത്വ നിയമത്തെ ചൊല്ലി അകാലിദളും ബി.ജെ.പിയും തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദല്‍ഹിയിലെ നാല് സിഖ് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ അകാലിദള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു.