പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നതിന് കോണ്‍ഗ്രസിനെ അഭിനന്ദിച്ച് ജനതാദള്‍ യുണൈറ്റഡ് ഉപാദ്ധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ബീഹാറില്‍ നിയമം നടപ്പിലാക്കില്ലെന്ന പ്രഖ്യാപിക്കാനിടയാക്കിയതും ഈ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ആര്‍.സിക്കും പൗരത്വ നിയമത്തിനും എതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് സജീവമാവുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം അവസാനം പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പെയാണ് കോണ്‍ഗ്രസിന് പ്രശാന്ത് കിഷോര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നത്.
പൗരത്വ നിയമവും എന്‍.ആര്‍.സിയും തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും പ്രത്യേകം നന്ദി അര്‍ഹിക്കുന്നു, ഈ നിലപാടെടുക്കാനുള്ള പ്രയത്‌നത്തിന് എന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്ററിലൂടെ പ്രതികരിച്ചത്.
ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ മുമ്പില്‍ നിന്നത്. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം നടത്തിയും പ്രിയങ്ക സജീവമായ ഇടപെടല്‍ നടത്തിയത്.