പാറ്റ്‌ന: ബീഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാവാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ അഖിലേന്ത്യ ഉപാദ്ധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ബീഹാറില്‍ തന്നെ പ്രവര്‍ത്തനം തുടരുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ അടുത്ത ഘട്ടമെന്നോണം പ്രചരണ പരിപാടി നടത്താനൊരുങ്ങുകയാണ് പ്രശാന്ത് കിഷോര്‍.
ബീഹാറിലൊരു പുതിയ രാഷ്ട്രീയ നേതൃത്വം ആവശ്യമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറ് ദിവസത്തിനകം ഒരു കോടി യുവജനങ്ങളെ ബന്ധപ്പെടുക എന്നതാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച പ്രചരണ പരിപാടി. ‘ബാത്ത് ബീഹാര്‍ കീ’ എന്നാണ്പ്രചരണ പരിപാടിയുടെ പേര്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശാന്ത് കിഷോര്‍ നേരത്തെ ഒരു പൊളിറ്റിക്കല്‍ ഫോറം രൂപീകരിച്ചിരുന്നു. യൂത്ത് ഇന്‍ പൊളിറ്റിക്‌സ് എന്ന ഈ ഫോറത്തില്‍ ബീഹാറില്‍ നിന്നുള്ള 2,38,054 യുവജനങ്ങള്‍ അംഗമാണെന്ന് വെബ്ബ്‌സൈറ്റില്‍ പറയുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറിനെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍. തെരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ വ്യക്തത വരുത്തിയിട്ടുമില്ല.
ബീഹാര്‍ എന്തുകൊണ്ടാണ് ഇപ്പോഴും ദരിദ്ര സംസ്ഥാനമായി തുടരുന്നതെന്നും വിദ്യാഭ്യാസത്തിന്റെ നില ഉയരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. നിതീഷാണെങ്കിലും മറ്റാരാണെങ്കിലും വികസനത്തിലൂന്നിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജനങ്ങള്‍ അതിന് വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ