ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആദ്യമായി ഇറങ്ങിയ കമല്‍ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതീവ സന്തോഷത്തിലാണ്. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ സന്തോഷമാണത്. മത്സരിച്ച 39 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നു മക്കള്‍ നീതി മയ്യമെന്ന കമല്‍ഹാസന്റെ പാര്‍ട്ടിക്ക്. പാര്‍ട്ടിയുടെ ഭാവി ശോഭനമാണെന്ന വിശ്വാസത്തിലാണ് കമല്‍ഹാസന്‍.
നിലവിലെ പ്രകടനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോവാനാണ് കമല്‍ഹാസന്റെ തീരുമാനം. അതിന് വേണ്ടി കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി സഹകരിക്കാനാണ് തീരുമാനം. 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് വേണ്ടി പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ സംഘടനയായ ഐ-പാകും പ്രവര്‍ത്തിക്കാനുവുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു.
കഴിഞ്ഞ വ്യാഴാഴ്ച പ്രശാന്ത് കിഷോറും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍ഹാസന്റെ ആല്‍വാര്‍പേട്ടിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വരും ദിവസങ്ങളിലെ ചര്‍ച്ച വിജയകരമായാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തോടൊപ്പം പ്രശാന്ത് കിഷോറും സംഘവും ഉണ്ടായേക്കും.
ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, സെന്‍ട്രല്‍ ചെന്നൈ, കോയമ്പത്തൂര്‍, ശ്രീപെരുമ്പുത്തൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, മധുര, പൊള്ളാച്ചി, പുതുച്ചേരി എന്നിവയാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. കോയമ്പത്തൂര്‍ സ്ഥാനാര്‍ഥി ആര്‍ മഹേന്ദ്രനും സൗത്ത് ചെന്നൈ സ്ഥാനാര്‍ഥി ആര്‍ രംഗരാജനും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചു. 12 ശതമാനമാണ് ഇരുവരും നേടിയത്.