ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയ ജയില്‍ മോചിതനായി. സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
20,000 രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്കും ആള്‍ ജാമ്യത്തിനുമാണ് ലക്‌നൗ ജയിലില്‍നിന്ന് കനൂജിയ പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയെ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കനൂജിയയെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയായിരുന്നു അറസ്റ്റ്. യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശമുള്ള പോസ്റ്റിട്ടുവെന്ന ആരോപണത്തില്‍ അഞ്ചു പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. കനൂജിയയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രിം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
കൊലപാതകമല്ല നടന്നതെന്നും കനൂജിയയെ ഉടന്‍ ജയില്‍ മോചിപ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.കനോജിയയുടെ ഭാര്യയുടെ ഹരജി സ്വീകരിച്ചായിരുന്നു കോടതി നടപടി. സാധാരണ ഇത്തരം ഹരജികള്‍ കോടതി പരിഗണിക്കാറില്ലെന്നും എന്നാല്‍, അദ്ദേഹത്തെ 11 ദിവസം കൂടി ജയിലില്‍ അടയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം ട്വീറ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടര്‍കൂടിയായ പ്രശാന്ത് ജഗദീഷ് കനൂജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
‘സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഇതാണ് നടപടിക്ക് കാരണമായത്.
എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീട് ലഖ്‌നൗവിലേക്ക് മാറ്റിയെന്നാണ് വിവരം.
അറസ്റ്റ് ചെയ്യാനെത്തിയവര്‍ യൂണിഫോമിലല്ലായിരുന്നെന്നും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ചില്ലെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞിരുന്നു. പൊലീസുകാരാണെന്ന് അറിയിക്കാതെ പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.