Film News
സിനിമ പഴയ സിനിമയല്ലെന്നറിയാം പക്ഷേ മമ്മൂക്ക പഴയ മമ്മൂക്ക തന്നെയെന്ന് പറഞ്ഞതും അതുവരെ റിബലായി നിന്ന അദ്ദേഹം ചിരിച്ചു: പ്രശാന്ത് കാഞ്ഞിരമറ്റം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 17, 05:00 am
Saturday, 17th February 2024, 10:30 am

ടെലിവിഷന്‍ ഷോകളിലെ അവതാരകനായി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് പ്രശാന്ത് കാഞ്ഞിരമറ്റം. ആട് ഒരു ഭീകരജീവിയാണ്, ഒരു യമണ്ടന്‍ പ്രേമകഥ, അലമാര ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് പ്രശാന്ത്.

‘ഒരിക്കല്‍ രാജാധിരാജ എന്ന സിനിമയുടെ ഇന്റര്‍വ്യൂവിന് പോയതായിരുന്നു. അവിടെ കേരളത്തിലെ പ്രമുഖകരായ എല്ലാ ചാനലുകളും വന്നിട്ടുണ്ടായിരുന്നു. കൂടെ ഞങ്ങളുടെ ചാനലുമുണ്ട്. അതായത് മമ്മൂക്ക ചെയര്‍മാനായ കൈരളിയുമുണ്ട്.

അവിടെ ചെന്നപ്പോള്‍ എല്ലാവരും മമ്മൂക്കയുടെ ഇന്റര്‍വ്യൂ എടുക്കുകയാണ്. ഓരോ ചാനലുകാരും മമ്മൂക്കയുടെ ഫ്‌ളക്‌സൊക്കെ പിന്നില്‍ വെച്ചാണ് ഇന്റര്‍വ്യുയെടുക്കുന്നത്. അതിനായി എല്ലാവരും അവരവരുടെ പ്രോപ്പര്‍ട്ടികള്‍ അവിടേക്ക് കൊണ്ടു വന്നിട്ടുണ്ട്.

രാജാധിരാജയുടെ ഫ്‌ളക്‌സൊക്കെയാണ് ഇന്റര്‍വ്യൂവിന്റെ സമയത്ത് മമ്മൂക്കയുടെ പിന്നില്‍ വെച്ചത്. കൈരളി ടി.വി. മാത്രം സാധാരണ എന്തോ കര്‍ട്ടനോ മറ്റോയിട്ടാണ് ചെയ്തത്. മമ്മൂക്കക്ക് പെട്ടെന്ന് അത് ഫീല്‍ ചെയ്തു.

മമ്മൂക്ക തന്നെ ചെയര്‍മാനായ ചാനലുകാര്‍ മമ്മൂക്കയുടെ ഫ്‌ളക്‌സ് വെക്കാതെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നത് കണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വന്നു. നന്നായി ദേഷ്യപ്പെട്ടു. അപ്പോഴേക്കും ഞാന്‍ ഇന്റര്‍വ്യൂവിന് വേണ്ടി പ്ലാന്‍ ചെയ്തതൊക്കെ കയ്യില്‍ നിന്നും പോയി.

എന്നോടല്ല അദ്ദേഹം ദേഷ്യപ്പെട്ടത്. ചാനലുമായി ബന്ധപ്പെട്ട പ്രതിനിധികളോടാണ് ദേഷ്യപ്പെട്ടത്. മമ്മൂക്ക അവിടുന്ന് പെട്ടെന്ന് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹം ചൂടായാലും അപ്പോള്‍ തന്നെ തണുക്കും. സെക്കന്റുകള്‍ കൊണ്ട് മമ്മൂക്കയുടെ ദേഷ്യം മാറും.

അങ്ങനെ അദ്ദേഹം തിരിച്ചു വന്നു. വാ തുടങ്ങാമെന്ന് പറഞ്ഞ് കസേരയില്‍ വന്നിരുന്നു. ഞാനും മമ്മൂക്കയും നടുക്ക്, ബാക്കിയുള്ളവരെല്ലാം ചുറ്റിനും. ഞാനാണ് ഇന്റര്‍വ്യൂ ചെയ്യേണ്ടത്. ഞാന്‍ അത്രനേരം മനസില്‍ പ്ലാന്‍ ചെയ്തതെല്ലാം തെറ്റിയിരുന്നു. എന്നാലും ആ ഇന്റര്‍വ്യൂ മുന്നോട്ട് കൊണ്ടുപോയി. ഞാന്‍ എവിടെ വീണാലും നാല് കാലില്‍ പൂച്ചയെ പോലെയെ വീഴുള്ളൂ. അത് സ്റ്റേജില്‍ കയറിയാലും ക്യാമറക്ക് മുന്നിലാണെങ്കിലും അങ്ങനെയാണ്.

അന്ന് ഞാന്‍ മമ്മൂക്കയോട് ഒരു ചോദ്യം ചോദിച്ചു. രാജാധിരാജയില്‍ ഇക്കയുടെ ഒരു പഴയ കാലം കാണിക്കുന്നുണ്ട്. പഴയ മമ്മൂക്കയും പുതിയ മമ്മൂക്കയും തമ്മില്‍ എന്ത് വ്യത്യാസമാണ് എന്നായിരുന്നു ആ ചോദ്യം. ‘എന്ത് വ്യത്യാസം? ഒരു വ്യത്യാസവുമില്ല, നെക്സ്റ്റ്’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

അതോടെ അവിടെ പിന്‍ഡ്രോപ്പ് സൈലന്റായി. ഞാന്‍ വേഗം കയ്യില്‍ നിന്നും അടുത്ത ഡയലോഗ് എടുത്തിട്ടു. സിനിമ പഴയ സിനിമയല്ലെന്നറിയാം പക്ഷേ മമ്മൂക്ക പഴയ മമ്മൂക്ക തന്നെ എന്ന് പറഞ്ഞു. അപ്പോള്‍ ഉടനെ അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ഡയലോഗുമായി കണക്ട് ചെയ്ത് ഞാന്‍ പെട്ടെന്ന് പറഞ്ഞതായിരുന്നു. പക്ഷേ അതുകേട്ട് മമ്മൂക്കയുടെ മൂഡ് മാറി. അതുവരെ മമ്മൂക്ക വളരെ റിബലായിട്ട് നില്‍ക്കുകയായിരുന്നു,’ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.


Content Highlight: Prasanth Kanjiramattom Talks About Mammootty Laughed When He Said The Dialogue In Big B Movie