| Saturday, 9th March 2024, 11:14 am

ഇനിയും മോദി അധികാരത്തിൽ വരണമെങ്കിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കേണ്ടി വരും: പ്രശാന്ത് ഭൂഷൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇനിയൊരിക്കൽ കൂടി നരേന്ദ്ര മോദിക്ക് അധികാരത്തിൽ വരണമെങ്കിൽ വോട്ടുയന്ത്രത്തിൽ കൃത്രിമത്വം നടത്തേണ്ടി വരുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

കൊച്ചിയിൽ മാധ്യമം പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് എല്ലായിടത്തും മോദി മോദി എന്ന പേര് മാത്രമേയുള്ളൂ. സർക്കാരിന്റെ പണം മുഴുവൻ മോദിയെ ഉയർത്തിക്കാട്ടുവാനാണ് ഉപയോഗിക്കുന്നത്.

ഈ പ്രചരണങ്ങൾക്കും പ്രൊപഗണ്ടയും സ്വാധീനിക്കാത്ത വലിയൊരു ജനവിഭാഗമുണ്ട്. അവർ ഈ വ്യവസ്ഥിതിയിൽ അസംതൃപ്തരാണ്,’ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുമ്പോൾ മറുവശത്ത് അദാനിയും അംബാനിയും തടിച്ചു കൊഴുക്കുന്നത് നാട്ടിലെ ഭൂരിപക്ഷം വരുന്ന ജനത തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അന്വേഷണ ഏജൻസികളും മാധ്യമങ്ങളും എല്ലാം സർക്കാരിന്റെ കയ്യിലാണെങ്കിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയില്ലെങ്കിൽ മോദി വീണ്ടും അധികാരത്തിൽ വരില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സാമ്പത്തിക അധികാരവും ഇ.ഡി, സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളും മാധ്യമങ്ങളുമെല്ലാം സർക്കാരിന്റെ കൈയിലാണെങ്കിൽ പോലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയില്ലെങ്കിൽ മോദി വീണ്ടും അധികാരത്തിൽ വരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ നിരവധിയാളുകൾ കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. കോൺഗ്രസും രാഹുൽ ഗാന്ധിയും സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

രാഹുലിന്റെ പ്രതിഛായയും പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷ നൽകുന്നു. ഇന്ത്യ മുന്നണിക്ക് തീർച്ചയായും ഒരുപാട് ദൗർബല്യങ്ങളുണ്ട്. എന്നാൽ അവർ തന്നെയായിരിക്കും തെരഞ്ഞെടുപ്പിൽ വിജയിക്കുക,’ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

Content Highlight: Prasanth Bhushan says Modi will come to power again only by malpractices on EVM

We use cookies to give you the best possible experience. Learn more