ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയയുള്ള ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചീഫ് ജസ്റ്റിസിനെതിരെ തെളിവുകളില്ലാത്തതിനാല്‍ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസ് നിലനില്‍ക്കില്ലെന്നാണ് നായിഡു പറഞ്ഞത്.
എന്നാല്‍ നോട്ടീസ് തള്ളാന്‍ വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കയാണ് നിയമവിദഗ്ദ്ധനായ പ്രശാന്ത് ഭൂഷണ്‍. നോട്ടീസില്‍ അമ്പത് എം.പിമാര്‍ ഒപ്പു വച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക മാത്രമാണ് രാജ്യസഭാധ്യക്ഷനായ വെങ്കയ്യ നായിഡുവിന്റെ ജോലിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
“അറുപത്തിനാല് അംഗങ്ങളാണ് ഇംപീച്ചമെന്റ് നോട്ടീസില്‍ ഒപ്പുവച്ചത്. ഇത് തള്ളാന്‍ എന്തധികാരമാണ് ഉപരാഷ്ട്രപതി കൂടിയായ വെങ്കയ്യ നായിഡുവിനുള്ളത്. ജഡ്ജിമാര്‍ അടങ്ങുന്ന അന്വേഷണ സമിതിയാണ് നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അമ്പത് അംഗങ്ങള്‍ ഒപ്പു വച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് സഭാധ്യക്ഷന്റെ ജോലി”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അതേസമയം നോട്ടീസ് തള്ളിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രതിപക്ഷ കക്ഷികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും കോണ്‍ഗ്രസ്സ് വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളുന്നതിന് പ്രധാന കാരണമായി പറഞ്ഞത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണന്നും നായിഡു പറഞ്ഞിരുന്നു.
MUST READ: ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍
കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
അതേസമയം ഇംപീച്ച്‌മെന്റ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ്സ് പക്ഷം.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.