|

മധുര രാജക്ക് വേണ്ടി ഞാന്‍ ഹിന്ദി ചിത്രത്തിന് നോ പറഞ്ഞു, കാരണം വൈശാഖ്: പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് മധുരരാജ. ഇതേ കൂട്ടുകെട്ടിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു മധുര രാജ.

മധുര രാജയില്‍ പ്രശാന്ത് അലക്‌സാണ്ടറും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. വൈശാഖുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും മധുര രാജക്ക് വേണ്ടി ഹിന്ദി ചിത്രം വേണ്ടെന്ന് പറഞ്ഞതിനെ പറ്റിയും സംസാരിക്കുകയാണ് പ്രശാന്ത്. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന് പരിപാടിയിലാണ് വൈശാഖിനെ പറ്റി പ്രശാന്ത് സംസാരിച്ചത്.

‘ഉദയേട്ടന്‍ വൈശാഖിന്റെ ഒരു മെന്ററിനെ പോലെയാണ്. ഉദയേട്ടന്റെ ഫ്‌ളാറ്റിലായിരിക്കും വൈശാഖ് മിക്കപ്പോഴും ഉണ്ടാവുക. ആ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനാണ് ഞാന്‍. ഉദയേട്ടന്റെ വീട്ടില്‍ പോയാല്‍ കഥയൊക്കെ പറഞ്ഞ് അവസാനം അവിടെ തന്നെ കിടന്നുറങ്ങും.

വൈശാഖ് എന്റെ നല്ല സുഹൃത്താണ്. പല തീരുമാനങ്ങളെടുക്കാനും മുന്നോട്ട് പോകാനും വൈശാഖ് നന്നായി ഹെല്‍പ്പ് ചെയ്യാറുണ്ട്. വൈശാഖ് ഒരു സിനിമയില്‍ തരുന്ന വേഷം എന്റെ കരിയറിന് എന്തെങ്കിലും ഗുണം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അങ്ങനെയാണ് മധുര രാജയിലേക്ക് എന്നെ പ്ലെയ്‌സ് ചെയ്യുന്നത്.

മധുര രാജയുടെ ഷൂട്ട് നടക്കുമ്പോഴാണ് എന്റെ ഹിന്ദി സിനിമയുടെ ഷൂട്ട് നടക്കുന്നത്. ഓഗസ്റ്റ് പത്തിന് മധുര രാജയില്‍ ഒരു ദിവസത്തെ ഷൂട്ട് കൂടി എനിക്കുണ്ട്. പിന്നെ നവംബറിലെയുള്ളൂ. പക്ഷേ പത്താം തിയതി തന്നെയാണ് എന്റെ ഹിന്ദി സിനിമ തുടങ്ങുന്നതും. ഞാന്‍ അവരോട് അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു. ഒറ്റ ദിവസം ചെയ്തിട്ട് വരട്ടെ എന്ന് ചോദിച്ചു. അവര്‍ വിടില്ല എന്ന് പറഞ്ഞു.

ഞാന്‍ എന്ത് ചെയ്യണം എന്ന് വൈശാഖിനോട് തന്നെ ചോദിച്ചു. നിന്നെ മനസില്‍ കണ്ട്, നിനക്ക് ഗുണമുണ്ടാകണമെന്ന് വെച്ച് ഉണ്ടാക്കിയ വേഷമാണ് മധുര രാജയിലേത്, ഹിന്ദി സിനിമ വിട്ടാലും നിനക്ക് നഷ്ടം വരില്ല എന്ന് പറഞ്ഞു. വൈശാഖിനെ വിശ്വസിച്ച് ഹിന്ദി സിനിമയിലെ ആളുകളോട് ഞാന്‍ ഈ വേഷം ചെയ്യുന്നില്ലെന്ന് പറഞ്ഞു. മലയാളത്തില്‍ ഒരു പ്രോജക്ട് വന്നിട്ടുണ്ട്, അത് ചെയ്യുകയാണ് എന്ന് പറഞ്ഞു. അവരൊന്ന് ഞെട്ടി. പതിനൊന്നാം തിയതി വരുമെന്നുണ്ടെങ്കില്‍ ഫ്രീ ആക്കി തരാമെന്ന് പറഞ്ഞു. അങ്ങനെ ഒരു ദിവസത്തെ ഷൂട്ടിനായി മധുര രാജയിലേക്ക് തന്നെ വന്നു,’ പ്രശാന്ത് പറഞ്ഞു.

Content Highlight: prasanth alexander talks about vaisakh and madhura raja