Entertainment
ഞാന്‍ സിനിമയില്‍ ഇല്ലെന്ന തോന്നല്‍; അന്ന് ആ നിവിന്‍ പോളി ചിത്രം എല്ലാം തിരികെ തന്നു: പ്രശാന്ത് അലക്സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 07:51 am
Monday, 10th March 2025, 1:21 pm

ടെലിവിഷന്‍ പരിപാടികളിലൂടെ അവതാരകനായി തന്റെ കരിയര്‍ ആരംഭിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് വന്ന നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പുരുഷ പ്രേതം (2023) എന്ന ചിത്രത്തിലെ എസ്.ഐ. സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം പ്രശാന്തിന് വലിയ പ്രശംസ നേടികൊടുത്തിരുന്നു. ആദ്യമായി അദ്ദേഹം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കൂടെയായിരുന്നു പുരുഷ പ്രേതം. എന്നാല്‍ 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്.

ചിത്രത്തില്‍ ജോസ് എന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു പ്രശാന്ത് അഭിനയിച്ചത്. ഇപ്പോള്‍ ആക്ഷന്‍ ഹീറോ ബിജു തന്റെ കരിയറില്‍ കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് നടന്‍. ആ സിനിമ ചെയ്യുന്നതിന് രണ്ടുവര്‍ഷം മുമ്പ് താന്‍ സിനിമയില്‍ രക്ഷപ്പെടില്ലെന്ന് മനസിലായെന്നാണ് പ്രശാന്ത് പറയുന്നത്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്സാണ്ടര്‍.

തനിക്ക് പറ്റുന്ന വേഷങ്ങളൊന്നും താന്‍ കാണുന്ന സിനിമകളില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ പൂര്‍ണമായും സിനിമയിലില്ലെന്ന് തിരിച്ചറിഞ്ഞ ചില വര്‍ഷങ്ങള്‍ തനിക്ക് ഉണ്ടായിരുന്നെന്നും പക്ഷെ ആക്ഷന്‍ ഹീറോ ബിജു അതെല്ലാം തിരികെ കൊണ്ടുവന്നുവെന്നും പ്രശാന്ത് അലക്സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയൊക്കെ ചെയ്യുന്നതിന്റെ മുമ്പ്, ഏകദേശം ഒന്നര രണ്ടുവര്‍ഷം മുമ്പ് എനിക്ക് ഒരു കാര്യം മനസിലായി. ഞാന്‍ സിനിമയില്‍ രക്ഷപ്പെടില്ല എന്നായിരുന്നു മനസിലായത്. കാരണം എനിക്ക് പറ്റുന്ന വേഷങ്ങളൊന്നും ഞാന്‍ കാണുന്ന സിനിമകളില്‍ ഉണ്ടായിരുന്നില്ല.

ഞാന്‍ സിനിമയില്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചു. എന്ത് വേഷം എനിക്ക് ചെയ്യാന്‍ പറ്റുമെന്നും ഞാന്‍ ചിന്തിച്ചിരുന്നു. ഞാന്‍ പൂര്‍ണമായും സിനിമയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ഒന്നുരണ്ട് വര്‍ഷങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ആക്ഷന്‍ ഹീറോ ബിജു എനിക്ക് അതെല്ലാം തിരികെ കൊണ്ടുവന്നു തന്നു.

ടി.വിയിലൊക്കെ ഇത്രയും ആളുകള്‍ തിരിച്ചറിയുന്ന വ്യക്തിയായി നടന്നിട്ട് പിന്നെ ഞാന്‍ മാര്‍ക്കറ്റിങ് ചെയ്യാനോ വേറെ ജോലി ചെയ്യാനോ പോയെന്ന് കരുതുക. എനിക്ക് ഒരിക്കലും അവിടെ കോണ്‍ഫിഡന്റോട് കൂടി ഇരിക്കാന്‍ പറ്റില്ല.

മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്നെ തിരിച്ചറിയുമോ? തിരിച്ചറിഞ്ഞാല്‍ അയാള്‍ സിനിമയെ പറ്റി ചോദിക്കില്ലേ? സിനിമയില്‍ നിന്ന് ഞാന്‍ ഔട്ടായെന്ന് അയാള്‍ തിരിച്ചറിയില്ലേ? സിനിമയില്‍ നിന്ന് പുറത്തായത് കൊണ്ടും ടി.വിയില്‍ ഇപ്പോള്‍ പണിയൊന്നും കിട്ടാനില്ലാത്തത് കൊണ്ടുമാകും വേറെ പണിയെടുക്കാന്‍ വന്നതെന്ന് ചിന്തിക്കില്ലേ? അത്തരം കുറേ ചോദ്യങ്ങള്‍ എന്റെ മനസില്‍ വരും. അങ്ങനെയൊരു അപകര്‍ഷതാ ബോധം എന്നെ ഭരിക്കും. പക്ഷെ എന്നെങ്കിലും ഒരു നല്ല കാലം വരുമെന്നും നാളെ ഞാന്‍ രക്ഷപ്പെടുമെന്നുമുള്ള ചിന്തയില്‍ തന്നെയാണ് ഞാന്‍ നിന്നത്,’ പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.

Content Highlight: Prasanth Alexander Talks About Nivin Pauly’s Action Hero Biju Movie