| Tuesday, 28th November 2023, 5:44 pm

ഞാൻ അതുപോലെ മരിച്ചു പോവുമോ എന്നൊരു ഭയം എന്നുമെനിക്ക് ഉണ്ടായിരുന്നു: പ്രശാന്ത് അലക്സാണ്ടർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായി തന്റെ കരിയർ ആരംഭിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് ഉയർന്നുവന്ന താരമാണ് പ്രശാന്ത് അലക്സാണ്ടർ.

പുരുഷ പ്രേതം എന്ന ചിത്രത്തിലെ എസ്‌.ഐ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രശംസ താരത്തിന് നേടികൊടുത്തിരുന്നു. ആദ്യമായി പ്രശാന്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കൂടെയായിരുന്നു കൃശാന്ദ് ഒരുക്കിയ പുരുഷ പ്രേതം.

പുരുഷ പ്രേതത്തിനുശേഷം തനിക്ക് ഒരു ഐഡന്റിറ്റി ലഭിച്ചെന്നും സിനിമയിൽ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോകുന്ന ഒരുപാട് പേരുണ്ടെന്നും അക്കൂട്ടത്തിൽ ഒരാളായിരുന്ന തനിക്ക് വലിയ മോചനം തന്ന ചിത്രമാണ് അതെന്നും താരം പറയുന്നു. ഈയിടെ മരിച്ച നടൻ കലാഭവൻ ഹനീഫിനെ കുറിച്ചും കാൻചാനൽ മീഡിയയോട് അദ്ദേഹം സംസാരിച്ചു.

‘സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെപ്പോലെ തന്നെ സമാന രീതിയിൽ സ്ട്രഗിൾ ചെയ്യുന്ന എനിക്കിഷ്ടമുള്ള പല നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുള്ള പല നടന്മാരിൽ ഒരാളാണ് കലാഭവൻ ഹനീഫ്ക്ക. അദ്ദേഹം മരിച്ചു പോയത് കൊണ്ടാണ് ഇപ്പോൾ ഞാനിത് പറയുന്നത്.

അദ്ദേഹത്തിന്റെ മരണത്തിനുശേഷം പത്രത്തിലെല്ലാം റിപ്പോർട്ട് വരുമ്പോൾ ചെയ്ത വേഷങ്ങളെല്ലാം ഗംഭീര വേഷങ്ങളാണ്. പക്ഷെ സ്ക്രീൻ സ്പേസ് കൂടുതലുള്ള ഒരു വേഷത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടില്ല. ഞാനും അതെ രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരാളാണ്.

എനിക്കാരും തന്നില്ല എന്ന് ഞാൻ പരാതിപ്പെട്ടിട്ട് കാര്യമില്ല. ഞാൻ അതിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. ആളുകൾക്ക് ധൈര്യം കൊടുത്ത് ആ വേഷങ്ങൾ പിടിച്ച് വാങ്ങുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തണം.

എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്ന ഒരു പേടി ഞാൻ ഇത്‌ പോലെ മരിച്ചു പോവുമോ എന്നായിരുന്നു. “ഇദ്ദേഹത്തെ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗപ്പെടുത്തിയിരുന്നോ എന്ന സംശയം ബാക്കിയാക്കി അദ്ദേഹം യാത്രയായി” എന്നൊരു വാർത്തയിൽ ഞാനും വരുമോ എന്നുള്ള ഭയം എനിക്കെന്നും ഉണ്ടായിരുന്നു.

അതിൽ നിന്നുള്ള വലിയൊരു മോചനമായിരുന്നു പുരുഷ പ്രേതം എന്ന സിനിമ എനിക്ക് തന്നത്. അറ്റ്ലീസ്റ്റ് ഇനി അതെങ്കിലും വാർത്തകളിൽ വരും,’പ്രശാന്ത് അലക്സാണ്ടർ പറയുന്നു.

Content Highlight: Prasanth Alexander Talk About Kalabhavan Haneef

We use cookies to give you the best possible experience. Learn more