| Sunday, 26th November 2023, 10:15 am

ആഗ്രഹിച്ച വേഷങ്ങൾ കിട്ടിയില്ല, ഒടുവിൽ വന്ന കഥാപാത്രം ആ നടന് ഡ്രൈവിങ് അറിയാത്തത് കൊണ്ടാണ് ലഭിച്ചത്: പ്രശാന്ത് അലക്സാണ്ടർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് പ്രശാന്ത് അലക്സാണ്ടർ. ഈയിടെ ഇറങ്ങിയ പുരുഷ പ്രേതം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ കയ്യടി നേടിയിരുന്നു.

അഭിനയത്തോടൊപ്പം തന്നെ പല സിനിമകളിലും പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ഓർഡിനറി എന്ന സിനിമയെ കുറിച്ച് പറയുകയാണ്. ചിത്രത്തിൽ ഒരു മുഴുനീള വേഷം ചെയ്യണമെന്നായിരുന്നു പ്രശാന്തിന്റെ ആഗ്രഹം.

എന്നാൽ പടം സ്റ്റാർട്ട്‌ ചെയ്തപ്പോൾ പ്രതീക്ഷിക്കാതെ കിട്ടിയ മറ്റൊരു വേഷത്തെക്കുറിച്ച് പറയുകയാണ് നടൻ. ഓർഡിനറിയിൽ ഒരു ജീപ്പ് ഡ്രൈവറുടെ വേഷമായിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ ആ കഥാപാത്രം നടൻ മണികണ്ഠൻ പട്ടാമ്പിക്ക് വന്നതായിരുന്നുവെന്നും അദ്ദേഹത്തിന് ഡ്രൈവിങ് അറിയാത്തത് കൊണ്ട് അത് തന്നിലേക്ക് എത്തുകയായിരുന്നുവെന്നും കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു.

‘ഓർഡിനറിയിൽ എനിക്ക് വേഷങ്ങളൊന്നും ഇല്ലായിരുന്നു. ചാക്കോച്ചനും ബിജു ചേട്ടനും ചെയ്ത വേഷങ്ങൾ അവർക്കു മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. ആസിഫലിയുടെ വേഷം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. പിന്നെയുള്ളത് ജിഷ്ണു അവതരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു അതെനിക്ക് ചേരില്ല. അന്ന് ഞാൻ നിൽക്കുന്ന അവസ്ഥ വച്ചിട്ട് എനിക്ക് ആ കഥാപാത്രങ്ങളിലേക്ക് ഒന്നും എത്താൻ കഴിയില്ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ എനിക്ക് ഓർഡിനറിൽ ഒരു വേഷവും ഇല്ലായിരുന്നു. അങ്ങനെ ആ പ്രോജക്ട് തുടങ്ങിയെങ്കിലും എനിക്ക് അതിൽ ഭാഗമാവാൻ കഴിഞ്ഞില്ല.

വീട്ടിൽ ചെല്ലുമ്പോൾ മമ്മിയെല്ലാം പറയും നീ ഇത്രയും നാൾ അവരുടെ കൂടെ നടന്നിട്ട് നിനക്ക് ചിത്രത്തിൽ ഒരു വേഷവും കിട്ടിയില്ലല്ലോ എന്നൊക്കെ. മനസ്സിൽ ബുദ്ധിമുട്ടുണ്ടെങ്കിലും അവരെ പറഞ്ഞ് സമാധാനിപ്പിക്കുമ്പോൾ ഞാനും അങ്ങ് ഓക്കെയാവും. സിനിമ എന്ന് പറയുന്നത് കൂട്ടുകാർക്ക് വേഷം കൊടുക്കുക എന്നതല്ല, ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെ കണ്ടെത്തുക എന്നതാണ്.

അങ്ങനെ പെട്ടെന്ന് ഒരു ദിവസമാണ് സുഗീത് എന്നെ വിളിക്കുന്നത്. ലൊക്കേഷനിലേക്ക് ഒന്ന് വാടാ എന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ പോയതാണ്. അവിടെ ചെന്നപ്പോഴാണ് അടുത്താഴ്ച്ച ചിത്രത്തിലെ ഫ്ലാഷ് ബാക്ക് സീനുകൾ ഷൂട്ട് ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞത്. അതിൽ ഒരു വേഷം നടൻ മണികണ്ഠൻ പട്ടാമ്പിക്ക് ആയിരുന്നു കരുതി വച്ചിരുന്നത്. എന്നാൽ പുള്ളിക്ക് വണ്ടി ഓടിക്കാൻ അറിയത്തില്ലായിരുന്നു. അപ്പോൾ എന്നോട് ആ വേഷം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ഡബിൾ ഓക്കേ ആയിരുന്നു.

എന്നോട് മുടിയൊക്കെ വടിച്ച് മൊട്ട അടിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്ത് വേണമെങ്കിലും ചെയ്തോളാൻ ഞാനും പറഞ്ഞു.

അങ്ങനെയാണ് ആദ്യമായി എന്റെ രൂപമൊന്ന് മാറുന്നത്. ഓർഡിനറിയിൽ അപ്പോഴാണ് ഒരു വേഷം കിട്ടി ഞാൻ കയറുന്നത്,’പ്രശാന്ത് അലക്സാണ്ടർ.

Content Highlight: Prasanth Alexander Talk About His Character In Ordinary Movie

We use cookies to give you the best possible experience. Learn more