| Wednesday, 29th November 2023, 2:38 pm

ഞാനിപ്പോൾ തെറി വിളിച്ചാൽ കാണാൻ പോകുന്നത് ലക്ഷങ്ങളാണ്, ഭൂരിപക്ഷത്തിന്റെ സംസ്‍കാരമാണത്: പ്രശാന്ത് അലക്സാണ്ടർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ അവതാരകനായി തന്റെ കരിയർ ആരംഭിച്ച് നിലവിൽ മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് പ്രശാന്ത് അലക്സാണ്ടർ.

സിനിമാ നിരൂപണത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. വിഷയത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ മേഖലയിലും നിലനിൽക്കുന്നത്.

ചില സിനിമാ റിവ്യൂകൾ കാണുമ്പോൾ കാണുമ്പോൾ പ്രയാസം തോന്നാറുണ്ടെന്നും പക്ഷേ അതുകൊണ്ട് കാര്യമില്ലെന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു. ഒരു സിനിമയും സംവിധായകനും നന്നാവണം എന്നാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ നല്ല രീതിയിൽ കാര്യങ്ങൾ പറയാനാണ് ശ്രമിക്കുക എന്നും പ്രോഗ്രസീവ് എന്തെങ്കിലും കിട്ടുക എന്നതിനേക്കാൾ കണ്ടു രസിക്കാൻ എന്തെങ്കിലും ഉണ്ടോ എന്നാണ് ആളുകൾ നോക്കുന്നതെന്നും കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു.

‘ഒരു ചൊറിച്ചിൽ ഒക്കെ വരും പക്ഷെ ചൊറിഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. മൗനം വിദ്വാന ഭൂഷണം എന്ന് പറയും. അവർക്ക് ഇത് ചെയ്താലേ ജീവിക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ സിനിമയെ നന്നാക്കാൻ വേണ്ടിയിട്ടാണ് അവരത് ചെയ്യുന്നതെങ്കിൽ യാഥാസ്ഥിതികമായ വിമർശനങ്ങളും റിവ്യൂസും മാത്രം പോരെ. ഒരു സംവിധായകൻ നന്നാവണം എന്നാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ അല്ലെങ്കിൽ ഈ മാധ്യമം രക്ഷപ്പെടണമെന്നാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ അയാളെ നാണംകെടുത്തുന്നതിനേക്കാൾ ഭേദം നല്ല രീതിയിൽ പറഞ്ഞ് വെളിച്ചം വീശുകയല്ലേ വേണ്ടത്.

പക്ഷെ അങ്ങനെ പറയുന്ന ആളുകൾക്ക് കാണികളില്ല. ഇപ്പോൾ നമ്മൾ സംസാരിക്കുകയാണെങ്കിലും ഇത് മാക്സിമം കാണാൻ പോകുന്നത് രണ്ടായിരം മൂവായിരം ആളുകൾ മാത്രമാണ്. അതേസമയം ഞാൻ നിങ്ങളെ ഈ അഭിമുഖത്തിനിടയിൽ തെറിവിളിച്ചാൽ കാണാൻ പോകുന്നത് ലക്ഷങ്ങളാണ്. നമ്മളുടെ ഒരു സംസ്കാരം അതാണ്. ഭൂരിപക്ഷം ആളുകളുടെയും സംസ്കാരം അങ്ങനെയാണ്.

പ്രോഗ്രസീവായി എന്തെങ്കിലും കിട്ടും എന്ന് ചിന്തിക്കുന്നതിനേക്കാൾ വെറുതെയിരിക്കുമ്പോൾ കണ്ടു രസിക്കാൻ എന്താണുള്ളത് എന്നാണ് ആളുകൾ നോക്കുന്നത്.

വലിയൊരു വിഭാഗം ആളുകളുടെയും ആറ്റിറ്റ്യൂഡ് അങ്ങനെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ചോര തിളച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല,’ പ്രശാന്ത് അലക്സാണ്ടർ പറയുന്നു.

Content Highlight: Prasanth Alexander Talk About Film Criticism

We use cookies to give you the best possible experience. Learn more