അവതാരകനായി മിനിസ്ക്രീനിലേക്ക് കടന്നുവന്ന് പിന്നീട് ചെറിയ വേഷങ്ങളിലൂടെ വളർന്ന് നിലവിൽ മലയാളത്തിൽ ശ്രദ്ധേയനായി മാറിയ നടനാണ് പ്രശാന്ത് അലക്സാണ്ടർ. താരം ഈയിടെ അഭിനയിച്ച പുരുഷപ്രേതം എന്ന ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു.
കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രശാന്ത് അഭിനയത്തിൽ ഒരു ഇടവേള എടുത്തിരുന്നു. ആ സമയത്ത് താൻ എഴുതിയ ഒരു സ്ക്രിപ്റ്റിനെ കുറിച്ച് പറയുകയാണ് പ്രശാന്ത്.
രണ്ട് നടന്മാരോട് കഥ പറഞ്ഞെങ്കിലും ആ ചിത്രം നടക്കാതെ പോയെന്നും പിന്നീട് ഒരു പോയിന്റ് എത്തിയപ്പോൾ കഥയുമായി മുന്നോട്ട് പോവുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയെന്നും പ്രശാന്ത് പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ സ്ക്രിപ്റ്റുമായി ആക്ടേഴ്സിനെ കണ്ടെത്താൻ നടക്കുകയായിരുന്നു. അങ്ങനെ ഞാൻ രണ്ട് അഭിനേതാക്കളോട് കഥ പറഞ്ഞു. ഇതിനിടയിൽ രണ്ട് ഓണത്തിന് ഞാൻ ചെന്നൈയിൽ പോയി. അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് ഈ സ്ക്രിപ്റ്റുമായി മൂന്നുവർഷമായി ഞാൻ നടക്കാൻ തുടങ്ങിയിട്ടെന്ന്.
രണ്ട് ഓണം ചെന്നൈയിൽ ആയിരുന്നു. ആ നടന്മാരുടെ പേര് ഞാൻ പറയേണ്ട കാര്യമില്ല. അവർ രണ്ട് പേരും ഓക്കേ പറഞ്ഞെങ്കിലും അവരുടെ തന്നെ കോമ്പിനേഷനിലുള്ള ഒരു സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സിനിമ പരാജയപ്പെട്ടപ്പോൾ അതിൽ ഒരാൾക്ക് ഈ സ്ക്രിപ്റ്റുമായി മുന്നോട്ട് പോവാൻ പ്രയാസം തോന്നി. ഒരു നടൻ പിന്മാറി.
പിന്നീട് ഒരു പോയിന്റ് എത്തിയപ്പോൾ ഇനിയും അതുമായി മുന്നോട്ട് പോവുന്നതിൽ അർത്ഥമില്ലെന്ന് തോന്നി. ഞാൻ അത് വേണ്ടെന്ന് വെച്ചു. അപ്പോൾ തന്നെ ആക്ഷൻ ഹീറോ ബിജുവിൽ ഞാൻ അഭിനയിച്ചു കഴിഞ്ഞിരുന്നു.
എന്റെ തലയിലെ മുടി മുഴുവൻ പോയത് ആ സ്ക്രിപ്റ്റുമായി നടന്ന സമയത്താണ്. നല്ല മുടിയുള്ള ആളായിരുന്നു ഞാൻ. അതോടെ എന്റെ എനർജി ഡൗൺ ആയി. നമ്മൾ ഒരു അഭിനേതാവിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞിട്ട് അവർക്ക് വർക്ക് ആയില്ലെങ്കിൽ പിന്നെ എന്നെങ്കിലും ഒന്നിച്ച് അഭിനയിക്കുമ്പോൾ എനിക്കും അവർക്കും ഒരുപോലെ പ്രയാസമായിരിക്കും.
ഇപ്പോൾ ഞാൻ കഥകളെ കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല. ഇപ്പോൾ അഭിനയത്തിന്റെ ഒരു ട്രാക്കിൽ ആയല്ലോ. ഇനി നല്ല വേഷങ്ങൾക്ക് പിന്നാലെ പോവണം. എന്റെ കൂട്ടുകാർ ഇടയ്ക്ക് പറയും, ഒരിക്കലും സിനിമ ചിന്തിക്കാൻ പറ്റാതിരുന്ന കാലത്ത് നീ സിനിമയുടെ പിന്നാലെ നടന്നു. ഇപ്പോൾ അത് സാധ്യമാകുന്ന സമയത്ത് ഒന്നും ചെയ്യുന്നില്ല എന്ന്,’ പ്രശാന്ത് അലക്സാണ്ടർ പറയുന്നു.
Content Highlight: Prasanth Alexander Talk About About the Script He Wrote