സുഹൃത്തെന്ന നിലയില്‍ ജോജു ആദ്യമായി എന്നെ വിളിച്ചത് ആ സിനിമയിലേക്കാണ്: പ്രശാന്ത് അലക്‌സാണ്ടര്‍
Entertainment
സുഹൃത്തെന്ന നിലയില്‍ ജോജു ആദ്യമായി എന്നെ വിളിച്ചത് ആ സിനിമയിലേക്കാണ്: പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th October 2024, 4:00 pm

ഒരുപാട് വര്‍ഷക്കാലം ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങളിലും നിറഞ്ഞുനിന്ന നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രശാന്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം പ്രശാന്തിനെ തേടിയെത്തി. കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷപ്രേതം എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് പ്രശാന്ത് തെളിയിച്ചു. നടന്‍ ജോജു ജോര്‍ജുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍.

പണി എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചത് ജോജുവാണെന്ന് പ്രശാന്ത് പറഞ്ഞു. ആദ്യമായാണ് ജോജുവിന്റെ കൂടെ ഒരു സിനിമയില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് ജോജുവും താനും ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ക്യാരക്ടേഴ്‌സ് വെവ്വേറെ ട്രാക്കുകളിലൂടെയാണ് പോയിരുന്നതെന്ന് പ്രശാന്ത് പറഞ്ഞു. പണി എന്ന സിനിമയിലേക്ക് തന്നെ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു പടം ചെയ്യുന്നുണ്ട്, നീ വരണം എന്നാണ് ജോജു പറഞ്ഞതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

കുരുവിള എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് അപ്പോഴേ പറഞ്ഞതെന്നും പണ്ടുമുതലേ ജോജുവിനെ അടുത്തറിയാമായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. ജോജു പിന്നീട് സംവിധായകനായപ്പോഴാണ് തങ്ങള്‍ തമ്മില്‍ നല്ലൊരു കോമ്പിനേഷനുള്ള സിനിമ കിട്ടിയതെന്ന് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ആദ്യമായി സംവിധാനം ചെയ്യുമ്പോള്‍ തന്റെ സൗഹൃദവലയത്തിലുള്ളവര്‍ വേണമെന്നുള്ളതുകൊണ്ടാകാം ജോജു തന്നെ വിളിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്‌സാണ്ടര്‍.

‘പണി എന്ന സിനിമയെക്കുറിച്ച് അനൗണ്‍സ്‌മെന്റ് വരുന്നതിന് മുന്നേ ജോജു എന്നെ വിളിച്ചിരുന്നു. ‘എടാ, ഇങ്ങനെയൊരു പരിപാടി ചെയ്യുന്നുണ്ട്, നീയും അതില്‍ ഉണ്ട്, കുരുവിള എന്നാണ് നിന്റെ ക്യാരക്ടറിന്റെ പേര്’ എന്നാണ് ജോജു പറഞ്ഞത്. പണ്ടുമുതലേയുള്ള പരിചയമാണ് എനിക്ക് ജോജുവുമായിട്ടുള്ളത്. അവന്‍ പിന്നീട് നായകനായി, അത് കഴിഞ്ഞ് സംവിധായകനായപ്പോള്‍ നമ്മളെ ആദ്യം വിളിച്ചു. അതൊക്കെ വളരെയധികം സന്തോഷം തരുന്ന കാര്യമാണ്.

ആദ്യമായിട്ടാണ് ജോജുവിന്റെ കൂടെ കോമ്പിനേഷന്‍ സീനുകള്‍ കിട്ടുന്നത്. ഇതിന് മുമ്പ് ഞാനും അവനും ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ ട്രാക്ക് വേറെവേറെയാണ് പോകുന്നത്. അവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അവന്റെ സൗഹൃദവലയത്തിലുള്ളവര്‍ വേണമെന്ന് തോന്നിയതുകൊണ്ടാകാം പണിയിലേക്ക് എന്നെ വിളിച്ചത്. സുഹൃത്തെന്ന നിലയില്‍ അവന്‍ ആദ്യമായി ഒരു സിനിമയിലേക്ക് വിളിച്ചത് പണിയിലൂടെ ആയപ്പോള്‍ സന്തോഷമുണ്ട്,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Prasanth Alexander shares his bond with Joju George