| Sunday, 26th November 2023, 9:06 am

ഓർഡിനറി മറ്റൊരു നടന് വേണ്ടി ആലോചിച്ചത്, അദ്ദേഹത്തിന്റെ താരപദവി കാരണം വേണ്ടെന്ന് വെച്ചു: പ്രശാന്ത് അലക്സാണ്ടർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരകനായി കരിയർ തുടങ്ങി നിലവിൽ മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി മാറിയ താരമാണ് പ്രശാന്ത് അലക്സാണ്ടർ. സിനിമയുടെ കഥകളുമായി നടന്നിരുന്ന കാലത്തെ കുറിച്ച് പറയുകയാണ് പ്രശാന്ത്.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി സുഗീത് ഒരുക്കിയ ചിത്രമായിരുന്നു ഓർഡിനറി.

എന്നാൽ ഓർഡിനറിയിൽ ആദ്യം കരുതിയ നടൻ മറ്റൊരാളാണെന്നും അന്നത്തെ അദ്ദേഹത്തിന്റെ താരമൂല്യം കാരണം കഥാപാത്രം ഒഴിവാക്കുകയായിരുന്നെന്നും പ്രശാന്ത് പറയുന്നു. ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ച പ്രശാന്തിന് ഓർഡിനറിയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും പ്രശാന്ത് കാൻചാനൽ മീഡിയയോട് പറഞ്ഞു.

‘ഓർഡിനറി സിനിമ നടക്കുന്ന സമയത്ത് ഞാനും കൂടെ ഭാഗമായിട്ടുള്ള റേസ് എന്ന മറ്റൊരു സിനിമയും നടക്കുന്നുണ്ടായിരുന്നു. ഇന്ദ്രജിത്തും ചാക്കോച്ചനുമായിരുന്നു അതിലെ നടൻമാർ. എഴുത്തിന്റെ പരിപാടിയുമായി നടന്ന സമയത്ത് സുഗീതും ഞാനും നിഷാദ് കോയയും കൂടെ മൂന്നു ചെറുപ്പക്കാരെ വച്ചൊരു കഥ ചർച്ചയിൽ ഉണ്ടായിരുന്നു. കഥയെല്ലാം സുഗീതിന്റെതായിരുന്നു. അന്ന് ചാക്കോച്ചൻ, ആസിഫ് അലി പിന്നെ മൂന്നാമതൊരു പുതിയ ആള്. അതായിരുന്നു പ്ലാൻ. ആ മൂന്നാമൻ ആവനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.

അങ്ങനെ ദുബായിലൊക്കെ ഇരുന്നാണ് ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ആ ചിത്രത്തിന്റെ കഥ ചക്കോച്ചനോട്‌ പറഞ്ഞപ്പോൾ പുള്ളി ഈ കൂട്ടക്കളികളിൽ നിന്ന് വിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന സമയമായിരുന്നു അത്. ചാക്കോച്ചൻ ഇനി കൂട്ട പരിപാടി പിടിക്കുന്നില്ല എന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞതോടെ പടത്തിന്റെ എഴുത്ത് അവസാനിപ്പിച്ച് അങ്ങോട്ട് മാറ്റിവെച്ചു. അത് നല്ല രസമുള്ള പടമായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഓർഡിനറിയുടെ കഥ ഉണ്ടാകുന്നത്. സുഗീതിന്റെ കയ്യിൽ നേരത്തെ തന്നെയുള്ള കഥയായിരുന്നു അത്. ഓർഡിനറി മറ്റൊരു നടന് വേണ്ടി ആലോചിച്ച കഥയായിരുന്നു. ആ നടന് സിനിമയുടെ സെക്കന്റ്‌ ഹാഫ് ഇഷ്ടമായില്ല. കാരണം അയാൾ അന്ന് നിൽക്കുന്ന താരമൂല്യത്തിൽ ആ ചിത്രത്തിന്റെ സെക്കന്റ്‌ ഹാഫിൽ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. അതുകൊണ്ട് ആ കഥയും മടക്കി വച്ചതായിരുന്നു.

പിന്നീട് റേസ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് ചാക്കോച്ചനോട്‌ പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ സുഗീതിനോട് ഞാൻ ഓർഡിനറിയുടെ കഥ പറഞ്ഞാല്ലോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ചാക്കോച്ചനുമായി സംസാരിച്ചു. യൂണിഫോം അണിഞ്ഞുള്ള വേഷങ്ങൾ ഒന്നും ചാക്കോച്ചൻ അത് വരെ ചെയ്തിട്ടില്ലായിരുന്നു.

ഒരു കണ്ടക്ടറുടെ കഥയുണ്ട് ഒന്ന് കേട്ടു നോക്കുമോ എന്ന് ചോദിച്ചപ്പോൾ ചാക്കോച്ചൻ ഓക്കേ പറഞ്ഞു. അദ്ദേഹത്തിന് ആ കഥ ഇഷ്ടമായി അങ്ങനെ ഓർഡിനറി ഓൺ ആയി,’പ്രശാന്ത് അലക്സാണ്ടർ പറയുന്നു.

Content Highlight: Prasanth Alexander Says That Ordinary Movie Written for Another Actor

We use cookies to give you the best possible experience. Learn more