Advertisement
Entertainment
ആ സിനിമക്ക് ശേഷം എന്നെ ആദ്യം വിളിച്ചത് നാഗേന്ദ്രന്‍സ് ഹണിമൂണിലേക്കാണ്: പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 22, 09:52 am
Monday, 22nd July 2024, 3:22 pm

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങി നിന്ന താരം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചു. കൃഷന്ദ് സംവിധാനം ചെയ്ത പുരുഷപ്രേതത്തിലൂടെ നായകവേഷവും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചു.

നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസിലും ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രശാന്തിന് സാധിച്ചു. സുരാജിന്റെ കൂട്ടുകാരനായ സോമനായി മികച്ച പ്രകടനമാണ് പ്രശാന്ത് കാഴ്ചവെച്ചത്. നിഥിന്‍ തന്നെ ഈ സീരീസിലേക്ക് വിളിച്ചത് പുരുഷപ്രേതത്തിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണെന്ന് പ്രശാന്ത് പറഞ്ഞു.

ആദ്യമായി ചെയ്ത നായകവേഷമായിരുന്നു പുരുഷപ്രേതമെന്നും ആരും കാണാന്‍ ചാന്‍സില്ല എന്ന് വിചാരിച്ച സിനിമയായിരുന്നു അതെന്നും പ്രശാന്ത് പറഞ്ഞു. എന്നാല്‍ ഒ.ടി.ടിയില്‍ കിട്ടിയ റെസ്‌പോണ്‍സ് ഞെട്ടിച്ചുവെന്നും ആ സിനിമ കണ്ടിട്ടാണ് നാഗേന്ദ്രനിലേക്ക് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘പുരുഷപ്രേതം റിലീസായിക്കഴിഞ്ഞ ശേഷം ആദ്യത്തെ വിളി വന്നത് നാഗേന്ദ്രന്‍സ് ഹണിമൂണിലേക്കാണ്. പുരുഷപ്രേതത്തിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. കാരണം, ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് പുരുഷപ്രേതം. നമ്മളൊക്കെ നായകനായാല്‍ ആര് കാണാനാണ് എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഒ.ടി.ടി റിലീസായതുകൊണ്ട് അധികം ആളുകള്‍ അറിയില്ലെന്ന് കരുതിയതാണ്.

പക്ഷേ, പ്രതീക്ഷകളെല്ലാം തകര്‍ത്ത് ഗംഭീര റെസ്‌പോണ്‍സാണ് പുരുഷപ്രേതത്തിന് കിട്ടിയത്. ഈ സിനിമ ഇറങ്ങിയ ഉടനെ അതിലെ പെര്‍ഫോമന്‍സ് കണ്ട് വേറൊരു പ്രൊജക്ടിലേക്ക് വിളക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷമായി. കഥ കേള്‍ക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല എന്ന് പറഞ്ഞാണ് ഞാന്‍ നാഗേന്ദ്രനില്‍ അഭിനിയിച്ചത്,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Prasanth Alexander about Nagendran’s Honeymoon series