ഡാന്‍സ് സ്റ്റെപ്സ് കണ്ടിട്ട് ഒരു കാര്യം മാത്രമാണ് ഷാറൂഖ് ഖാന്‍ എന്നോട് പറഞ്ഞത്: പ്രസന്ന മാസ്റ്റര്‍
Movie Day
ഡാന്‍സ് സ്റ്റെപ്സ് കണ്ടിട്ട് ഒരു കാര്യം മാത്രമാണ് ഷാറൂഖ് ഖാന്‍ എന്നോട് പറഞ്ഞത്: പ്രസന്ന മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th May 2022, 3:47 pm

2007 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയെ അടിസ്ഥാനമാക്കി ബോളിവുഡില്‍ പ്രിയദര്‍ശന്റെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബില്ലു ബാര്‍ബര്‍. മനീഷ കോര്‍ഡെ, മുഷ്താഖ് ഷെയ്ഖ് എന്നിവരായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, ലാറ ദത്ത, ഷാറൂഖ് ഖാന്‍, ജഗദീഷ്, ഓം പുരി, അസ്രാനി, രാജ്പാല്‍ യാദവ് എന്നിവരായിരുന്നു വേഷമിട്ടത്.

കരീന കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരും ചിത്രത്തിലെ പാട്ടുകളിലൂടെ എത്തിയിരുന്നു. 2009 ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്തത്.

ബില്ലുവില്‍ ഷാറൂഖ് ഖാന് വേണ്ടി കൊറിയോഗ്രഫി ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഡാന്‍സ് കൊറിയോഗ്രഫര്‍ പ്രസന്ന മാസ്റ്റര്‍. ഡാന്‍സായത് കൊണ്ട് ഷാറൂഖ് ഖാന്‍ നെര്‍വസായിരുന്നുവെന്നും വളരെ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും പ്രസന്ന മാസ്റ്റര്‍ പറയുന്നു. ബിഹൈന്റ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബില്ലു സിനിമയില്‍ ഷാറൂഖ് ഖാന്‍ സാറിനെ വെച്ച് ഷോട്ട് പ്ലാന്‍ ചെയ്യുകയായിരുന്നു. ഷാരൂഖിന്റെ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് മാറ്റി പിടിക്കാമെന്നും മറ്റൊരു സ്റ്റെപ്പ് പിടിക്കാമെന്നും ഞാന്‍ പ്രിയന്‍ സാറിനോട് പറഞ്ഞു.

വേറെ സ്റ്റെപ്പ് എടുക്കാം. ആത്മവിശ്വാസമില്ലേ എന്ന് പ്രിയന്‍ സാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റാണെന്ന് പറഞ്ഞു. അങ്ങനെ അത് തന്നെ പിടിച്ചു, ഡാന്‍സേഴ്സും റിഹേഴ്സല്‍ ചെയ്യാന്‍ തുടങ്ങി.

പെട്ടെന്ന് എന്റെ അസിസ്റ്റന്റ് വന്ന് ഷാറൂഖ് ഭായി വരുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചുറ്റും നോക്കാന്‍ തുടങ്ങി. പുള്ളി നേരെ വന്ന് ഹായ്, ഞാന്‍ ഷാറൂഖ് ഖാന്‍ എന്ന് പറഞ്ഞ് കൈ നീട്ടി. ഹായ് സാര്‍ പ്രസന്ന എന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തെ കണ്ടിട്ട് ബള്‍ബടിച്ചിരിക്കുകയാണ് ഞാന്‍.

താങ്കള്‍ നെര്‍വസാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അല്ല സാര്‍, എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ ഡാന്‍സായത് കൊണ്ട് ഞാന്‍ നെര്‍വസാണെന്നായിരുന്നു ഷാറൂഖിന്റെ മറുപടി. അങ്ങനെയൊന്നുമില്ല സാര്‍, സ്റ്റെപ്സെല്ലാം എളുപ്പമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അതിന് ശേഷം, ഷാറൂഖിന് സ്റ്റെപ്പ് കാണിക്കാന്‍ വേണ്ടി അസിസ്റ്റന്റ് പോയപ്പോള്‍, നീ തന്നെ പോയി കാണിച്ചാല്‍ മതി എന്ന് പ്രിയന്‍ സാര്‍ എന്നോട് പറഞ്ഞു.

ഞാന്‍ കണ്ണടച്ച് ഡാന്‍സ് കളിക്കാം, ഡാന്‍സ് കാണുമ്പോഴുള്ള ഷാറൂഖിന്റെ പ്രതികരണം നീ പറഞ്ഞ് തരണം എന്ന് എന്റെ അസിസ്റ്റന്റിനോട് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കളിച്ചു. കണ്ണ് തുറന്ന് നോക്കുമ്പോള്‍ അവന്‍ ഷാറൂഖിനെ നോക്കി നില്‍ക്കുകയായിരുന്നു. എങ്ങനെയുണ്ടായിരുന്നു എന്ന് അസിസ്റ്റന്റിനോട് ചോദിച്ചപ്പോള്‍ ഞാനും ഷാറൂഖും അതിശയിച്ച് പോയി എന്ന് അസിസ്റ്റന്റ് എന്നോട് പറഞ്ഞു.

ഷാറൂഖ് സ്റ്റെപ്സ് കണ്ടിട്ട് ഒരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. ഞാന്‍ നല്ല ഒരു ഡാന്‍സറല്ല. എത്ര പ്രാവശ്യം വേണമെങ്കിലും ഞാന്‍ ചെയ്യാം. പക്ഷേ ആ മാറ്റി ചെയ്യേണ്ടതിന്റെ കാരണം മാത്രം എനിക്ക് പറഞ്ഞ് തന്നാല്‍ മതി എന്ന് ഷാറൂഖ് സാര്‍ പറഞ്ഞു. അത്ര എളിമയുള്ള വ്യക്തിയാണ് അദ്ദേഹം,” പ്രസന്ന മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

എം. മോഹനന്റെ സംവിധാനത്തില്‍ ശ്രീനിവാസനും മമ്മൂട്ടിയും കേന്ദകഥാപാത്രങ്ങായി 2007-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കഥ പറയുമ്പോള്‍’. ശ്രീനിവാസനായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്.

ശ്രീനിവാസന്‍, മീന, മമ്മൂട്ടി, മുഖേഷ്, ഇന്നസെന്റ്, സലീം കുമാര്‍, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ഈ ചിത്രം പിന്നീട് തമിഴില്‍ ‘കുസേലന്‍’ എന്ന പേരിലും തെലുങ്കില്‍ ‘കഥനായകുഡു’ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ പശുപതിയും തെലുങ്കില്‍ ജഗപതി ബാബുവുമാണ് ശ്രീനിവാസന്റെ വേഷം ചെയ്തത്. തമിഴിലും തെലുങ്കിലും മമ്മൂട്ടിയുടെ വേഷം ചെയ്തത് രജനികാന്താണ്. ഹിന്ദിയില്‍ ഷാറൂഖ് ഖാനാണ് അഭിനയിച്ചത്. തമിഴിലും തെലുങ്കിലും മീന തന്നെയാണ് നായികയുടെ വേഷം അവതരിപ്പിച്ചത്.

Content Highlight: Prasanna Master share his experiance with Sharukh Khan