|

ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഇന്‍സെപ്ഷന്‍ പോലുള്ള സിനിമകള്‍ ചെയ്‌തേനെ, ഞാന്‍ ഇവിടെ വന്നത് ജീവിക്കാനാണ്, വ്യത്യാസമുണ്ടാക്കാനല്ല: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ സിനിമയുടെ ഗതി മാറ്റിയ സംവിധായകനാണ് പ്രശാന്ത് നീല്‍. 2014ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് സിനിമയിലേക്ക് കടന്നുവന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ കെ.ജി.എഫ്. ചാപ്റ്റര്‍ 1 കന്നഡ സിനിമയ്ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം 1000 കോടിക്കുമുകളില്‍ കളക്ട് ചെയ്തിരുന്നു.

പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ച് ലഭിക്കുന്ന സിനിമകള്‍ ചെയ്യുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പ്രശാന്ത് നീല്‍. താന്‍ വരുന്നത് സൗത്ത് ഇന്ത്യയില്‍ നിന്നാണെന്നും അവിടെയുള്ള ഭൂരിഭാഗം ആളുകള്‍ക്കും കെ.ജി.എഫ്. പോലുള്ള മാസ് സിനിമകളോട് താത്പര്യക്കൂടുതലുണ്ടെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. അത്തരം സിനിമകള്‍ മാത്രമാണ് കൂടുതലായി വരുമാനമുണ്ടാക്കുന്നതെന്നും പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.

കെ.ജി.എഫിന് ശേഷം സലാര്‍ പോലൊരു ചിത്രം ചെയ്തതും അതേ കാരണം കൊണ്ടാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്‍സെപ്ഷന്‍ പോലൊരു പരീക്ഷണചിത്രമോ ഹം ആപ് കേ ഹേ കോന്‍ പോലുള്ള റൊമാന്റിക് ചിത്രമോ ചെയ്‌തേനെയെന്നും പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ സിനിമയിലേക്ക് വന്നത് എന്തെങ്കിലും വ്യത്യസ്തമായി പരീക്ഷിച്ച് വ്യത്യസ്തനാകാനല്ലെന്ന് പ്രശാന്ത് നീല്‍ പറയുന്നു. ഒരു ജീവിതത്തിന് വേണ്ടിയാണ് താന്‍ സിനിമയെ തെരഞ്ഞെടുത്തതെന്നും മാക്‌സിമം ആളുകളെ തിയേറ്ററുകളിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. അമല അക്കിനേനിയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് നീല്‍.

‘ഞാന്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ് വരുന്നത്. അവിടെ ഭൂരിഭാഗം ആളുകള്‍ക്കും പ്രിയം മാസ് ലാര്‍ജര്‍ ദാന്‍ ലൈഫ് സിനിമകളോടാണ്. അത്തരം സിനിമകളാണ് കൂടുതലായും വിജയിക്കുന്നത്. അല്ലാത്ത സിനിമകള്‍ക്കും സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും അത് എല്ലായ്‌പ്പോഴും സംഭവിക്കുന്നില്ല. കെ.ജി.എഫിന് ശേഷം ഞാന്‍ സലാര്‍ ചെയ്തതിന്റെ കാരണവും അത്തരം സിനിമകളുടെ സ്വീകാര്യത കണക്കിലെടുത്തിട്ടാണ്.

ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ ഇന്‍സെപ്ഷന്‍ പോലൊരു പരീക്ഷണചിത്രമോ ഹം ആപ് കേ ഹേ കോന്‍ പോലൊരു റൊമാന്റിക് ചിത്രമോ ചെയ്‌തേനെ. പക്ഷേ, ഞാന്‍ സിനിമയിലേക്ക് വന്നത് ജീവിതോപാധി തേടിയാണ്. അവിടെ വ്യത്യസ്തനാകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. മാക്‌സിമം ആളുകളെ തിയേറ്ററിലെത്തിക്കുക എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളൂ,’ പ്രശാന്ത് നീല്‍ പറയുന്നു.

Content Highlight: Prasahanth Neel saying he might do films like Inception if he had a choice

Video Stories