മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്തുകാര്യം!
Daily News
മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്തുകാര്യം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 1:46 pm

പ്രസ്തുത പദ്ധതിയിലെ ഇടനിലക്കാര്‍ തങ്ങളാണ് എന്നൊരു കിംവദന്തി പ്രചരിപ്പിച്ചു കൊണ്ട് ഒരു വന്‍കിട കമ്പനി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ സ്വന്തം മൂല്യം ഉയര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇരുന്നൂറുകളിലും, ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അഞ്ഞൂറിന് താഴെയും മാത്രം നിന്നിരുന്ന പ്രസ്തുത കമ്പനിയുടെ ഷെയര്‍ വാല്യൂ കഴിഞ്ഞ പത്തു ദിവസങ്ങള്‍ കൊണ്ട് എഴുന്നൂറിന് മേലേയ്ക്ക് കുതിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത യാഥാര്‍ഥ്യമെങ്കില്‍ അവരുടെ ഷെയര്‍ വാല്യൂ ഇനിയും കുതിപ്പ് തുടരുകയും ചെയ്യും.


ജപ്പാനുമായുള്ള സൗഹൃദത്തിന്റെ പ്രതീകവും, വികസിത ഇന്ത്യയുടെ പുതിയ മുഖവുമായി മോദിയും, ഭക്തരും വാഴ്ത്തിപ്പാടിയ ഒന്നാണ് അഹമ്മദാബാദിനെയും മുംബൈയെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഒരു ലക്ഷത്തി പതിനായിരം കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതി തീര്‍ത്തും അനാവശ്യമെന്നും, അബദ്ധപൂര്‍ണ്ണമെന്നുമുള്ള വിമര്‍ശനങ്ങള്‍ രാജ്യത്തെ നിരവധി പ്രമുഖരില്‍ നിന്നും ഉണ്ടായെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുവാനായിരുന്നു മോദിയുടെ തീരുമാനം. ജപ്പാന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ സ്വന്തം സംസ്ഥാനത്തെ ചേരികള്‍ക്ക് മറ കെട്ടി, മാനക്കേട് ഒഴിവാക്കാന്‍ ശ്രമിച്ച മോദിക്ക്, രാജ്യത്തെ വര്‍ത്തമാന സാഹചര്യത്തില്‍ ഇത്തരം ഒരു പദ്ധതി അനാവശ്യമാണെന്ന് അറിയാതെയാകാനും തരമില്ല.

“കേവലം അഞ്ഞൂറ്റി മുപ്പത്തിനാല് കിലോമീറ്റര്‍ നീളമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി എണ്‍പതിനായിരം കൂടി രൂപയാണ്, പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടവ് തുടങ്ങും എന്ന വ്യവസ്ഥയില്‍ ഇന്ത്യ കടംവാങ്ങുന്നത്. ഒരു ട്രെയിനില്‍ സഞ്ചരിക്കാവുന്ന പരമാവധി എണ്ണൂറു പേര്‍ക്ക് സഞ്ചരിക്കാനെ സാധിക്കൂ. ഇപ്പോഴത്തെ നിശ്ചിത യാത്രക്കൂലി അനുസരിച്ച് എല്ലാ യാത്രക്കാരും, ശരാശരി മുന്നൂറു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എന്ന് കരുതുക. എങ്കില്‍ തന്നെയും ഒരു ദിവസം നൂറു ട്രിപ്പുകള്‍ നടത്തിയാല്‍ മാത്രമേ അറ്റകുറ്റപ്പണികളും, മറ്റു ചെലവുകളും കഴിച്ച് മുതലും, പലിശയും തിരിച്ചടയ്ക്കാനുള്ള വരുമാനം നമുക്ക് ലഭിക്കുകയുള്ളൂ.

ഇന്ത്യയിലെ പരിതഃസ്ഥിതികളില്‍ ആവശ്യം ബുള്ളറ്റ് ട്രെയിനുകള്‍ അല്ല, ഹൈ സ്പീഡ് റെയില്‍വേ ആണ്.” പദ്ധതിയെ എതിര്‍ത്ത് കൊണ്ട് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ അധികാരം ഒഴിയും മുന്‍പ് പറഞ്ഞ വാക്കുകള്‍ ആണിത്. ഇന്ത്യന്‍ റെയില്‍വേ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ആണിപ്പോള്‍ ശ്രദ്ധിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിന്‍ അനാവശ്യമാണ് എന്ന് ഇന്ത്യയുടെ മെട്രോമാന്‍ ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു. ഇത്രയെല്ലാം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ കടുംപിടുത്തം ?? പദ്ധതി നടപ്പിലാക്കപ്പെട്ടാല്‍ ആര്‍ക്കെല്ലാം ആണ് ഗുണം?

ഒരുലക്ഷത്തി പതിനായിരം കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്കായി, വളരെ വളരെ തുച്ഛം എന്ന് തോന്നുന്ന 0.1 % പലിശ നിരക്കില്‍ എണ്‍പതിനായിരം കോടി രൂപ ജപ്പാനില്‍ നിന്നും ഇന്ത്യ ലോണ്‍ എടുക്കുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം തിരിച്ചടവ് തുടങ്ങുന്ന ലോണ്‍ കാലാവധി അമ്പതു വര്‍ഷം. ഇത്രയും തുച്ഛമായ പലിശ നിരക്കില്‍ ഒരു ദീര്‍ഘകാല വായ്പ നല്കുന്നതുകൊണ്ട് ജപ്പാനെന്താണ് ലാഭം എന്ന് ആര്‍ക്കും സംശയം തോന്നാം.

ആഭ്യന്തര വളര്‍ച്ച കീഴ്‌പ്പോട്ടു പോയിക്കൊണ്ടിരിക്കുന്ന ജപ്പാനില്‍ ധനനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് -0.1% ആണ്. അഥവാ നിക്ഷേപകന്‍ ബാങ്കിന് പണം അങ്ങോട്ട് നല്‍കിയിട്ടു വേണം സ്വന്തം പണം സൂക്ഷിക്കാന്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍, നിക്ഷേപത്തുക വളരെ ചെറിയ പലിശയോട് കൂടി തിരികെ ലഭിക്കും. മാത്രമല്ല പദ്ധതി ഏറ്റെടുക്കുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് ഒരുലക്ഷത്തി പതിനായിരം കോടി പ്രതിഫലമായി ലഭിക്കും. ഇതിനും പുറമെ ജപ്പാനില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ പ്രതിസന്ധിയില്‍ ചെറിയൊരു അയവു വരുത്താനും പദ്ധതി നടത്തിപ്പിലൂടെ അവര്‍ക്ക് സാധിക്കും.

ആഭ്യന്തരവിപണിയിലെ തിരിച്ചടികളെ അതിജീവിക്കാന്‍ വേണ്ടി, പുറത്തോട്ടുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന ജപ്പാന് ഇന്ത്യ അന്താരാഷ്ട്ര വിപണിയിലേയ്ക്കുള്ള ചുവടുവെയ്പ് കൂടിയാകും. ചുരുക്കത്തില്‍ സ്വന്തം രാജ്യത്ത് നിക്ഷേപിച്ചാല്‍ നഷ്ടമായി തീരുമായിരുന്ന തുക, ഇന്ത്യയില്‍ നിക്ഷേപിച്ച് ജപ്പാന്‍ സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജപ്പാനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അവരില്‍ നിന്നും യെന്നില്‍ സ്വീകരിക്കുന്ന ലോണ്‍ യെന്നില്‍ തന്നെ ഇന്ത്യ തിരിച്ചടയ്ക്കും എന്നാണ് വ്യവസ്ഥ. രൂപയെക്കാള്‍ മൂല്യം കുറഞ്ഞ നാണയം ആയതുകൊണ്ട് തന്നെ അത് മൂലം തിരിച്ചടവ് തുകയില്‍ ഒരു മൂല്യനഷ്ടം ഇന്ത്യയ്ക്ക് സംഭവിക്കില്ല. പക്ഷെ നാണയവിനിമയം നടത്താന്‍ ഇടനിലക്കാരനാകുന്ന കരാറുകാരന് പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറുകോടി രൂപ കമ്മീഷന്‍ ഇനത്തില്‍ ഇന്ത്യ നല്‍കേണ്ടി വരും. ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ആയ SBI കാപ്സ് ഒഴികെ മറ്റൊരു ബാങ്കും, ഇത്തരത്തിലുള്ള നാണയക്കച്ചവടത്തില്‍ പങ്കാളികളല്ല.

SBI യുടെ കാര്യശേഷിയില്ലായ്മ കുപ്രസിദ്ധമായതിനാല്‍ തന്നെ പ്രസ്തുത പദ്ധതിയില്‍ പങ്കാളികളാക്കാന്‍ യാതൊരുവിധ സാധ്യതയുമില്ല താനും. പ്രസ്തുത പദ്ധതിയിലെ ഇടനിലക്കാര്‍ തങ്ങളാണ് എന്നൊരു കിംവദന്തി പ്രചരിപ്പിച്ചു കൊണ്ട് ഒരു വന്‍കിട കമ്പനി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ സ്വന്തം മൂല്യം ഉയര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇരുന്നൂറുകളിലും, ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അഞ്ഞൂറിന് താഴെയും മാത്രം നിന്നിരുന്ന പ്രസ്തുത കമ്പനിയുടെ ഷെയര്‍ വാല്യൂ കഴിഞ്ഞ പത്തു ദിവസങ്ങള്‍ കൊണ്ട് എഴുന്നൂറിന് മേലേയ്ക്ക് കുതിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത യാഥാര്‍ഥ്യമെങ്കില്‍ അവരുടെ ഷെയര്‍ വാല്യൂ ഇനിയും കുതിപ്പ് തുടരുകയും ചെയ്യും. അഥവാ കഴിഞ്ഞ ഒരുപാടു വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാതെ പോയ വളര്‍ച്ചാ നിരക്കാണ് ഈ ഒരൊറ്റ പദ്ധതിയുടെ പേരില്‍ കഴിഞ്ഞ പത്തു ദിവസം കൊണ്ടവര്‍ക്ക് ലഭിച്ചിട്ടുള്ളത്.

ആയിരത്തി അഞ്ഞൂറ് കോടി രൂപ പ്രതിവര്‍ഷ ലാഭമായി ലഭിക്കുന്നവരില്‍ നിന്നും ആയിരം കോടി രൂപ പാര്‍ട്ടി ഫണ്ടായി ബി.ജെ.പിക്കു നല്‍കേണ്ടി വന്നാലും, കൊടുക്കാന്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. ലോണ്‍ തിരിച്ചടവ് കാലാവധി അമ്പതു വര്‍ഷം ആണെന്ന് കൂടി അറിയുമ്പോള്‍, ഒരൊറ്റ പദ്ധതി കൊണ്ട് മോദി അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത ലാഭം എത്രയെന്നും ഊഹിക്കുക. യാദൃശ്ചികം എന്ന് പറയട്ടെ, കമ്പനി ഉടമയും ഗുജറാത്ത് സ്വദേശിയാണ്.

മുംബൈ-അഹമ്മദാബാദ് എന്നിടങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഒരിക്കലും ലാഭമാകില്ല എന്നിരിക്കെ, അതിനേക്കാള്‍ ലാഭകരമാകും എന്നുറപ്പുള്ള മുംബൈ-ബാംഗ്ലൂര്‍, ദില്ലി-മുംബൈ തുടങ്ങിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് എന്തുകൊണ്ട് പ്രധാനമന്ത്രി തുനിഞ്ഞില്ല എന്നൊരു ചോദ്യവും അവശേഷിക്കുന്നുണ്ട്. ദേശീയവികസനം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികളില്‍ ഭൂരിഭാഗവും ഗുജറാത്ത്-മഹാരാഷ്ട്ര ഇടനാഴിയില്‍ മാത്രം സ്ഥാപിക്കുന്ന മോദി താനൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആണെന്ന കാര്യം മറന്നു പോവുകയും ചെയ്യുന്നു.

ഇപ്പോഴും ഗുജറാത്ത് വികസന മോഡലിന്റെ ഹാങ്ങ് ഓവര്‍ അദ്ദേഹത്തെ വിട്ടുമാറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ രാജ്യത്തിന് സാമ്പത്തികമായി നഷ്ടങ്ങള്‍ മാത്രം നല്‍കുന്ന അതിവേഗ മോദി വികസനം പൂര്‍ത്തിയാകുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഓടിച്ചു കളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അതിവേഗതയുള്ള ഒരു ആളുകേറാ കളിപ്പാട്ടവും, ഒരു പാവം ഗുജറാത്തി കോര്‍പ്പറേറ്റിന് ആജീവനാന്ത കാലത്തേയ്ക്ക് സഹസ്രകോടികളുടെ കമ്മീഷനും, ദേശീയവികസനം മാത്രം ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ കടപ്പാടിന്റെ പേരില്‍ ലഭിക്കുന്ന കള്ളപ്പണമല്ലാത്ത സംഭാവനയും ബാക്കിയുണ്ടാകും.