മംഗലാപുരം: അധോലോക ബന്ധമുള്ളവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ശ്രീരാമസേന നേതാക്കളെ മംഗലാപുരം പൊലീസ് അറസ്റ്റു ചെയ്തു. പ്രസാദ് അത്താവര്‍, അരുണ്‍കുമാര്‍ പുനില്ല എന്നിവരാണ് അറസ്റ്റിലായത്. അധോലോക നേതാവ് രവി പൂജാരിയുടെ സഹായിയായി പ്രവര്‍ത്തിച്ച് നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ കേസില്‍ അത്താവര്‍ പ്രതിയാണ്. പുത്തൂരില്‍ ഗാന്ധി പ്രതിമക്ക് ചെരിപ്പുമാല അണിയിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന് നീക്കം നടത്തുകയും ചെയ്ത കേസിലെ പ്രതിയാണ് പുനില്ല.
ഒളിവിലായിരുന്ന ഇരുവരെയും തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് വെച്ചാണ് എസ് പി സുബ്രഹ്മണേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരും ശ്രീരാമ സേന കണ്‍വീനറാണ്. ബജ്‌റംഗ്ദള്‍ നേതാവായിരിക്കെയാണ് അത്താവര്‍ ശ്രീരാമസേന കണ്‍വീനറായത്. കഴുത്തില്‍ രുദ്രാക്ഷ മാലകളും കാവിയും ധരിച്ച് സന്ന്യാസിയെപ്പോലെ നടന്നിരുന്ന പ്രസാദ് അത്താവറിനെ തിങ്കളാഴ്ച രാത്രി കദ്രി പൊലീസാണ് പിടികൂടിയത്. തുടര്‍ന്ന് ഐ ജിയുടെ നിര്‍ദേശപ്രകാരം എസ് പി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മംഗലാപുരത്ത് നടന്ന ആക്രമണങ്ങളുടെ പ്രധാന സൂത്രധാരന്‍ പ്രസാദ് അത്താവറാണെന്ന് പൊലീസ് പറഞ്ഞു. പരിശീലനം ലഭിച്ച ഇയാളുടെ സംഘത്തില്‍പ്പെട്ട ചിലരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മംഗലാപുരം, കദ്രി, പുത്തൂര്‍, ബെല്‍ത്തങ്ങാടി തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് അരുണ്‍കുമാര്‍ പുനില്ല. ഇരുവരും അറസ്റ്റിലായ സാഹചര്യത്തില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.