കോഴിക്കോട്: പ്രേമം സിനിമ കാണാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ “ഓപ്പറേഷന്‍ ഗുരുകുലം” എന്ന പേരില്‍ പോലീസ് പിടികൂടുന്നു എന്ന വാര്‍ത്ത നല്‍കി വിവാദത്തിലായതിനു പിന്നാലെ മലയാള മനോരമയുടെ അടുത്ത സദാചാര പോലീസിങ് വാര്‍ത്ത വീണ്ടും വിവാദത്തിലേയ്ക്ക്. കോഴിക്കോട് സരോവരം പാര്‍ക്കില്‍ പരസ്യമായി പ്രണയം നടക്കുന്നു എന്നാണ് മനോരമ വാര്‍ത്ത നല്‍കിയത്. ഓണ്‍ലൈനില്‍ എതിര്‍പ്പ് ശക്തമായതോടെ വാര്‍ത്ത പിന്‍വലിക്കാന്‍ മനോരമ നിര്‍ബന്ധിതമായി.
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഡയലോഗിന്റെ പാരഡി ഉപയോഗിച്ചുകൊണ്ടാണ് “പ്രണയിക്കുക”എന്നത് ഒരു വലിയ തെറ്റായി മനോരമ പര്‍വ്വതീകരിച്ചിരിക്കുന്നത്. “പ്രണയജോഡികള്‍ ഒഴിഞ്ഞ ഇരിപ്പിടം കരസ്തമാക്കുന്നു” എന്നതായിരുന്നു വാര്‍ത്തയുടെ പ്രധാനഭാഗം. മറ്റൊന്ന് രണ്ടു പേര്‍ പരസ്പരം ആലിംഗനബദ്ധരായി ഇരിക്കുന്ന ചിത്രവും. മനോരമ ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍ പകര്‍ത്തിയതായിരുന്നു ചിത്രം.
ആളൊഴിഞ്ഞ ഇരിപ്പിടങ്ങള്‍ എന്നതും അതില്‍ ഇരിക്കുന്നതും പ്രണയിക്കുന്നതുമൊക്കെ വന്‍ കുറ്റകൃത്യമാണ് എന്ന ധ്വനിയായിരുന്നു വാര്‍ത്ത മുഴുവനും നിറഞ്ഞു നിന്നിരുന്നത്. അടുത്തകാലത്തായി മുസ്‌ലീം പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ പ്രണയിക്കുന്നു എന്ന ഓണ്‍ലൈന്‍ “വിവാദ”ത്തെ കൂടുതല്‍ കത്തിക്കുന്ന വിധത്തിലുള്ളതായിരുന്നു ഷാഹുലിന്റെ ഫോട്ടോയും. ഇത്തരത്തില്‍ സദാചാരവാദികളെ ഇളക്കിവിടാനും പ്രണയവിരോധം തന്നെ ഊട്ടിയുറപ്പിക്കും വിധവുമായിരുന്നു പ്രസ്തുത വാര്‍ത്ത. മാത്രവുമല്ല വ്യക്തിയുടെ സ്വകാര്യതകളിലേയ്ക്ക് കടന്നു കയറ്റം നടത്തുന്ന വിധമുള്ളതായിരുന്നു പ്രസ്തുത ഫോട്ടോയും.
മുന്‍പ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്റ്റാറന്റ് തല്ലിപ്പൊളിക്കുന്നതിനും പിന്നീട് നീണ്ടു നിന്ന സദാചാര പോലീസിങ് വിരുദ്ധ പ്രക്ഷോഭമായ “ചുംബന സമര”ത്തിനും കാരണമായതും വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനമായിരുന്നു. അന്ന് ജെയ്ഹിന്ദ് ചാനലായിരുന്നു കമിതാക്കളുടെ പ്രണയരംഗങ്ങള്‍ ഒളിച്ച് ചിത്രീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തത്.
ഇത്തരത്തിലുള്ള മാധ്യപ്രവര്‍ത്തനത്തെയും അതിന്റെ അപകടങ്ങളെയും പൊള്ളത്തരത്തെയും തുറന്നുകാണിക്കും വിധത്തിലായിരുന്നു മനോരമയുടെ പ്രണയവിരുജദ്ധ സദാചാര വാര്‍ത്തയെ വിമര്‍ശനങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ രംഗം സ്വീകരിച്ചത്. വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ ഓണ്‍ലൈനില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. സദാചരക്കണ്ണിലൂടെ മസാലവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മനോരമയുടെ രീതിക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തി. കാര്‍ട്ടൂണുകളും സ്റ്റാറ്റസുകളും അതിരൂക്ഷമായതോടെയാണ് മനോരമയ്ക്ക് വാര്‍ത്ത പിന്‍വലിക്കേണ്ടി വന്നത്.
“ഒളിഞ്ഞിരുന്നു രണ്ടു പേരുടെ ഫോട്ടോ എടുക്കുന്നതിന്റെ പേര് മാധ്യമ പ്രവര്‍ത്തനം എന്നല്ല ഞരമ്പ് രോഗം എന്നാണെ”ന്ന് ചുംബനസമരത്തിന് നേതൃത്വം നല്‍കിയ കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജ് മനോരമയെ ആക്ഷേപിച്ചു.
ഒളിച്ചു നിന്ന് കമിതാക്കളുടെ സമ്മതമില്ലാതെ പടമെടുത്ത ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുലിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. “ഈ ചിത്രം ഇത്ര കഷ്ട്ടപെട്ടു പകര്‍ത്തിയ മനോരമ ഫോട്ടോഗ്രഫെര്‍ റസല്‍ ഷാഹുല്‍ വല്ല പുഴയുടെയും തീരത്തുള്ള കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന് സ്ത്രീകള്‍ കുളിക്കുന്ന ഫോട്ടോകള്‍ എടുത്തതാണോ പത്രത്തില്‍ ചേരാന്‍ യോഗ്യതയായി കാണിച്ചത്.” എന്നാണ് കിസ് ഓഫ് ലവ് റസലിനെ കളിയാക്കിയത്.
“ജയ്ഹിന്ദ് ഇട്ടാല്‍ കോണകം, ഞങ്ങള്‍ ഇട്ടാല്‍ ബര്‍മൂഡ എന്നാണു മനോരമ പറയുന്നതെ”ന്ന് പ്രമുഖ മോഡല്‍ രശ്മി രമാ രാമചന്ദ്രന്‍ പ്രതികരിച്ചു.
ടിക്കറ്റ് വഴി പ്രവേശനമുള്ള സരോവരം പാര്‍ക്കില്‍ ആളുകള്‍ വരികയും പോവുകയും ചെയ്യുന്നിടത്ത് മനോരമക്കെന്ത് കാര്യം. ഇത്തരത്തിലുള്ള ഏത് വാര്‍ത്തയും നാട്ടുകാരുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്ന മനോരമക്ക് മനോരോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കൂടുതല്‍ പേരും വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത്.
മനോരമയുടെ സദാചാര പോലീസിങ്ങ് വാര്‍ത്ത രീതിയെ അപലപിച്ചുകൊണ്ട് സതീഷ് എറിയാളത്ത് എഴുതി; “അവരുടെ ചിത്രമെടുത്തത് അനുവാദം ചോദിച്ചിട്ടാണോ, അല്ലെങ്കില്‍ ഒളിച്ചിരുന്ന് ഇത്തരം ഒരു ചിത്രമെടുക്കാന്‍ മനോരമക്ക് ആര് അനുവാദം നല്‍കി. ഇതേ മനോരമ ഈ ചിത്രം മറ്റാരെങ്കിലും എടുത്താല്‍ അവരെ ഒളിഞ്ഞു നോട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യും. അവര്‍ ലൈംഗീക ചേഷ്ടകള്‍ കാണിച്ചതായി ഫോട്ടോയില്‍ ഇല്ല. ഏതു സാഹചര്യത്തിലാവും അവര്‍ കെട്ടിപ്പിടിച്ചത്. സ്‌നേഹത്തിന് എത്രയോ മാനങ്ങളുണ്ട്. അവര്‍ സുഹൃത്തുക്കളാകാം, ഭാര്യ ഭര്‍ത്താക്കന്‍മാരാകും, സഹോദരങ്ങളാകാം, കാമുകീ കാമുകന്‍മാരാകാം. അവരാരും മനോരമയുടെ ചിലവില്‍ കഴിയാത്തിടത്തോളം കാലം എന്ത് അധികാരത്തിലാണ് ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ അടിച്ചുവിടുന്നത്.”
മനോരമ പത്രത്തിലെ പ്രാദേശീക വാര്‍ത്തകള്‍ക്കായുള്ള “ചുറ്റുവട്ട”ത്തിലാണ് മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പിന്‍വലിക്കുന്നതിന്റെ വിശദീകരണങ്ങളൊന്നും തന്നെ നല്‍കാതെയാണ് മനോരമ വാര്‍ത്ത പിന്‍വലിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ…
കൂടുതല്‍ വായനയ്ക്ക്
സരോവരത്തേക്ക് സ്വാഗതം (16-08-2010)