| Thursday, 18th July 2019, 3:08 pm

സ്രാവ് വേട്ടക്കാരനായി വിനായകന്‍; ലക്ഷദ്വീപിന്റെ മനോഹാരിത വീണ്ടും വെള്ളിത്തിരയില്‍; ജോണ്‍പോളിന്റെ തിരക്കഥയില്‍ പ്രണയമീനുകളുടെ കടല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പ്രധാന പശ്ചാത്തലമായി കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

വിനായകനെയും ദിലീഷ് പോത്തനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥകൃത്ത് ജോണ്‍പോളാണ്. കടലില്‍ സ്രാവിനെ പിടിക്കുന്നയാളായാണ് വിനായകന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. ഏറ്റവും ഒടുവില്‍ 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകനും ദിലീഷ് പോത്തനും പുറമേ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേഷ്.

We use cookies to give you the best possible experience. Learn more