| Wednesday, 19th September 2018, 11:25 am

നാല് തവണയും പരാജയപ്പെട്ടു: പ്രണയിയെ കൊലപ്പെടുത്തുന്നത് അഞ്ചാമത്തെ ശ്രമത്തില്‍: എം.എല്‍.എയുടെ പങ്ക് അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലങ്കാനയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് അഞ്ചാമത്തെ ശ്രമത്തില്‍. അക്രമികള്‍ നാല് തവണ പ്രണയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സംഘത്തിന് 1 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.

അമ്മയെ വിളിച്ച് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അമൃത പങ്കുവെച്ചിരുന്നു. പിറ്റേ ദിവസം ആശുപത്രിയില്‍ പോകുന്ന വിവരവും പറഞ്ഞിരുന്നു. അമൃത പറഞ്ഞ ഈ വിവരം മനസിലാക്കിയാണ് പിതാവ് മാരുതി റാവു കൊലപാതക സംഘത്തിന് ഇവരുടെ യാത്ര സംബന്ധിച്ച വിവരം കൈമാറിയത്.

അതേസമയം സംഭവത്തില്‍ തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എയ്ക്ക് പങ്കുള്ളതായി സൂചനയുണ്ട്. പ്രണയുടെ ഭാര്യ അമൃതയാണ് കൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന മൊഴി പൊലീസിന് നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് അബ്ദുള്‍ കരീം എന്നയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അറസ്റ്റിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.


നാല് തവണയും പരാജയപ്പെട്ടു: പ്രണയിയെ കൊലപ്പെടുത്തുന്നത് അഞ്ചാമത്തെ ശ്രമത്തില്‍: എം.എല്‍.എയുടെ പങ്ക് അന്വേഷിക്കും


ഇതിന് പിന്നാലെ ടി.ആര്‍.എസ് എം.എല്‍.എയായ വെമുല വരീശത്തിന്റെ പങ്ക് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രണയുടെ ഭാര്യയുടെ മൊഴിയുണ്ടായിട്ടും പൊലീസ് ഇതുവരെ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടില്ലെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ശ്രാവണ്‍ ദാസോജു പറഞ്ഞു.

പ്രണയുടെ കൊലപാതത്തില്‍ തന്റെ പിതാവ് മാരുതി റാവുവിനൊപ്പം ടി.ആര്‍.എസ് എം.എല്‍.എ യായ വെമുല വരീശത്തിനും പങ്കുണ്ടെന്ന് സെപ്റ്റംബര്‍ 16 ന് അമൃത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നേയും പ്രണയ് യേയും നേരില്‍ കണ്ട് സംസാരിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിനടുത്തേക്ക് ചെല്ലാന്‍ ഞങ്ങള്‍ക്ക് ഭയമായിരുന്നു. കൊലപാതകത്തില്‍ അദ്ദേഹത്തിന് കൃത്യമായ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ്. നേരത്തെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രണയുടെ കുടുംബത്തെ ചില കേസുകളില്‍ കുടുക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. – അമൃത പറയുന്നു.

We use cookies to give you the best possible experience. Learn more