| Wednesday, 14th February 2024, 1:20 pm

'ഞാന്‍ കണ്ടെടോ വാര്യരെ ഞങ്ങടെ വിന്റേജ് ലാലേട്ടനെ...' ചര്‍ച്ചയായി വര്‍ഷങ്ങള്‍ക്ക് ശേഷം ടീസറിലെ പ്രണവിന്റെ ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രണവ് മോഹന്‍ലാല്‍ തന്നെയായിരുന്നു. ടീസറില്‍ താരമെത്തുന്നത് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരുന്നു.

ഇതുവരെയുണ്ടായിരുന്ന പ്രണവിന്റെ ലുക്കായിരുന്നില്ല ഇതില്‍. ടീസറിന് ശേഷം വിന്റേജ് ലുക്കില്‍ വന്ന പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍.

പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പ്രണവിന്റെ ഡയലോഗിനിടയിലെ ‘മോനേ’ എന്ന വിളിയില്‍ പോലും മോഹന്‍ലാലിനോട് സാമ്യതയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

ടീസറിനിടയില്‍ പ്രണവ് കള്ള് കുടിക്കുന്ന സീന്‍ മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ സീനുമായാണ് ബന്ധപ്പെടുത്തുന്നത്. അതേസമയം, ടീസറില്‍ പ്രണവിനൊപ്പം ധ്യാനുമുള്ളത് കൊണ്ട് പഴയ ദാസനും വിജയനും വീണ്ടും വരുന്നുവെന്ന കമന്റുകളുമുണ്ട്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Pranav Mohanlal’s look in the teaser of Varshangalk Shesham

We use cookies to give you the best possible experience. Learn more