|

പ്രണവിന്റെ രണ്ടാം ചിത്രം 'രാമലീല' സംവിധായകനൊപ്പം; നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആദ്യചിത്രം ആദിയിലെ പ്രകടനത്തിലൂടെ തന്നെ മലയാള സിനിമയില്‍ തനിക്ക് ഇടമുണ്ടെന്ന് തെളിയിച്ച നടനാണ് പ്രണവ് മോഹന്‍ലാല്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് വന്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എങ്കിലും പ്രണവിലെ പ്രകടനത്തെ ഉപയോഗിക്കുന്ന സംവിധായകന്റെ അഭാവം ആദിയിലുണ്ടായിരുന്നു.

ഇപ്പോഴിതാ, കന്നി ചിത്രം തന്നെ 25 കോടി ക്ലബ്ബിലെത്തിച്ച രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുണ്‍ ഗോപി ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

തൊട്ടതെല്ലാം പൊന്നാക്കിയ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന്‍, പോക്കിരി രാജ, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ടോമിച്ചന്‍.

അതേ സമയം, പ്രണവിന്റെ ആദ്യ ചിത്രം ആദി തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജീത്തു ജോസഫാണ് ആദിയുടെ സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.