ഇങ്ങള് തലശ്ശേരിക്കാരനാന്ന് മറന്നിനാ അപ്പുവേട്ടാ... സ്ലാങ് വന്നിട്ടില്ലല്ലോ
Entertainment
ഇങ്ങള് തലശ്ശേരിക്കാരനാന്ന് മറന്നിനാ അപ്പുവേട്ടാ... സ്ലാങ് വന്നിട്ടില്ലല്ലോ
അമര്‍നാഥ് എം.
Saturday, 13th April 2024, 1:46 pm

ഈദ്, വിഷു സീസണില്‍ തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്തിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന താരങ്ങള്‍. ഹൃദയത്തില്‍ നിന്ന് വ്യത്യസ്തമായി സൗഹൃദത്തിന് പ്രാധാന്യം നല്‍കിയാണ് വിനീത് ഈ ചിത്രം ഒരുക്കിയത്.

സിനിമയില്‍ ധ്യാനിന്റെ പ്രകടനത്തിനോടൊപ്പം പ്രണവിന്റെ പ്രകടനവും എടുത്തുപറയപ്പെടുന്നുണ്ട്. മുരളി എന്ന കഥാപാത്രത്തിന്റെ ഇമോഷനുകള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പ്രണവിന് സാധിച്ചു. ന്യാപഗം എന്ന ഗാനത്തിലെ പ്രണവിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. ഹൃദയത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷത്തിലേക്കെത്തുമ്പോള്‍ പ്രണവിലെ നടന്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഡയലോഗ് ഡെലിവറിയില്‍ താരം കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തലശ്ശേരിയിലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, നാട് വിട്ട് പുറത്തേക്ക് പോകാന്‍ താത്പര്യമില്ലാത്ത മുരളി ഒരു സീനില്‍ പോലും തലശ്ശേരി സ്ലാങ് പറയുന്നില്ല എന്നത് വലിയൊരു നെഗറ്റീവായി നില്‍ക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, ദീപക് പറമ്പോള്‍ എന്നീ കഥാപാത്രങ്ങള്‍ കൃത്യമായി തലശ്ശേരി സ്ലാങ്ങില്‍ തന്നെ സംസാരിക്കുന്നുണ്ട്. ഇരുവരും കണ്ണൂര്‍ക്കാരായതുകൊണ്ടുതന്നെ അധികം എഫര്‍ട്ട് ഈ സിനിമക്ക് വേണ്ടി എടുക്കേണ്ടി വന്നിട്ടില്ല. ആദ്യപകുതിയില്‍ വന്നുപോകുന്ന ചെറിയ ആര്‍ട്ടിസ്റ്റുകളും തലശ്ശേരി സ്ലാങ്ങില്‍ സംസാരിക്കുന്നുണ്ട്. സിനിമ ഇത്രയും വളര്‍ന്ന കാലത്ത് ഒരു ഭാഷാസഹായിയെ പ്രണവിന് വേണ്ടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

പ്രണവിന് മാത്രമല്ല, അച്ഛനായ മോഹന്‍ലാലിനും ഇതേ പ്രശ്‌നമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നീ സിനിമകളില്‍ പ്രാദേശികഭാഷയില്‍ സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുന്ന മോഹന്‍ലാലിനെ കാണാന്‍ സാധിക്കും.

കേരളത്തിന് പുറത്ത് പഠിച്ചുവളര്‍ന്ന പ്രണവിന് ഡയലോഗ് ഡെലിവറിയില്‍ ഇനിയും ഏറെ മെച്ചപ്പെടുത്താനുണ്ട്. നാലാമത്തെ ചിത്രത്തില്‍ മാത്രം അഭിനയിക്കുന്ന പ്രണവ് മുന്നോട്ടുള്ള സിനിമകളില്‍ ഈയൊരു മിസ്‌റ്റേക്കും ശരിയാക്കി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Pranav Mohanlal facing criticism about his Dialouge Delivery in Varshangalkku Shesham

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം