അന്ന് ഞാന്‍ കാണുമ്പോള്‍ ദുല്‍ഖറിന്റെ മടിയിലായിരുന്നു പ്രണവ്: വിനീത് ശ്രീനിവാസന്‍
Entertainment news
അന്ന് ഞാന്‍ കാണുമ്പോള്‍ ദുല്‍ഖറിന്റെ മടിയിലായിരുന്നു പ്രണവ്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th January 2022, 3:29 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്.

പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി പറഞ്ഞത്.

‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്.

മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു,’ വിനീത് പറഞ്ഞു.

സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം കാസറ്റിലും ഒരു മലയാളസിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’


ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vineeth sreenivasan about his forst meet with pranav mohanalal