ആദിയില്‍ നിന്നും അരുണ്‍ നീലകണ്ഠനിലേക്ക്; പ്രണവിന്റെ വളര്‍ച്ച
Movie Day
ആദിയില്‍ നിന്നും അരുണ്‍ നീലകണ്ഠനിലേക്ക്; പ്രണവിന്റെ വളര്‍ച്ച
അമൃത ടി. സുരേഷ്
Saturday, 22nd January 2022, 11:38 pm

എന്റെ മകനായതുകൊണ്ട് നിനക്ക് ഒന്നോ രണ്ടോ സിനിമകള്‍ കിട്ടും. ചിലപ്പോള്‍ മൂന്നാമത് ഒരു സിനിമ കൂടി കിട്ടും. അതു കഴിഞ്ഞും കിട്ടണമെങ്കില്‍ കഴിവ് വേണം,’ പഴയ ഒരു അഭിമുഖത്തില്‍ വാപ്പ തന്നോട് പറഞ്ഞതാണ് എന്ന് പറഞ്ഞ് ദുല്‍ഖര്‍ വെളിപ്പെടുത്തിയതാണ് ഇത്.

രാജകുമാരനാവാന്‍ രാജാവിന്റെ മകനായാല്‍ മതി. എന്നാല്‍ രാജാവാകാന്‍ കഴിവ് തന്നെ വേണം. മൂന്ന് സിനിമയിലെ മോഹന്‍ലാലിന്റെ മകന്‍ എന്ന പട്ടത്തില്‍ നിന്നും നാലാമത്തെ സിനിമയിലൂടെ ‘വിടുതല്‍’ നേടിയിരിക്കുകയാണ് പ്രണവ്.

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തോടെ പ്രണവിനെ സിനിമാ പ്രേമികള്‍ ‘ഹൃദയ’ത്തിലേറ്റിയിരിക്കുകയാണ്. പുറകോട്ടൊന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഹൃദയത്തിന്റെ വിജയം പ്രണവിന് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്.

ബാലതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം 2018ലാണ് പ്രണവ് നായകനായ ആദ്യചിത്രം പുറത്ത് വരുന്നത്. ജിത്തു ജോസഫിന്റെ സംവിധാനം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ നായകനാകുന്ന ചിത്രം. ഏറെ പ്രതീക്ഷകളോടെയാണ് ‘ആദി’ റിലീസ് ചെയ്തത്.

എന്നാല്‍ ഫൈറ്റ് സീനുകളിലെ മികവുകളൊഴിച്ചാല്‍ പ്രണവിന്റെ അഭിനയത്തിന് വലിയ വിമര്‍ശനമേറ്റു.

2019ല്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലുകളിലൊന്നായ ഇരുപതാംനൂറ്റാണ്ടിനോട് സാമ്യമുള്ള പേരുമായി എത്തിയ ചിത്രം പ്രണവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി. ‘റെയ്ബന്‍ ഗ്ലാസു’ള്‍പ്പെടെയുള്ള പല മോഹന്‍ലാല്‍ റെഫറന്‍സുകളും ഈ ചിത്രത്തിലുണ്ടായിരുന്നു.

വന്‍താരനിരയെ നിരത്തി വമ്പന്‍ ഹൈപ്പോടെയെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു നാലാമത്തെ ചിത്രം. റിലീസിന് പിന്നാലെ ചിത്രത്തിന് മോശം റിവ്യൂവും സൈബര്‍ ആക്രമണവും ട്രോളുകളും വന്നെങ്കിലും പ്രണവിന്റെ പ്രകടനത്തിന് കൈയടി ലഭിച്ചു. പ്രണവിലൂടെ തന്നെ ചിത്രം മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്ന അഭിപ്രായങ്ങള്‍ പോലും ഉണ്ടായി.

സീരിയല്‍ മോഡില്‍ പോയ ചിത്രത്തിലെ ആദ്യഭാഗങ്ങള്‍ തന്റെ പ്രകടനം കൊണ്ട് പ്രണവ് ഉയര്‍ത്തി എന്ന വിലയിരുത്തലുകള്‍ വന്നു.

തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും സംവിധാനത്തിലെ പാളിച്ചയും ഉള്‍പ്പെടെ പോരായ്മകള്‍ കൊണ്ട് നിറഞ്ഞ ചിത്രത്തില്‍ ‘കംപ്ലീറ്റ് ആക്ടര്‍’ മോഹന്‍ലാലിനെ കവച്ചുവെക്കുന്ന പ്രകടനം പ്രണവ് പുറത്തെടുത്തു എന്നത് വലിയ കാര്യം തന്നെയാണ്.

നാലാമത്തെ ചിത്രമായ ഹൃദയം തുടക്കം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് മികച്ച സിനിമകളും മികച്ച താരങ്ങളേയും നല്‍കിയ വിനീത് നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു പ്രധാനകാരണം.

‘ദര്‍ശന’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത് വന്നപ്പോള്‍ തന്നെ പ്രണവില്‍ വന്ന മാറ്റം കണ്ട് പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു. പിന്നീട് ഒരോ ഗാനവും ടീസറും പുറത്ത് വരുമ്പോഴും പ്രതീക്ഷകള്‍ക്ക് കനം വെച്ചു. ഹിറ്റ് ചിത്രമായ ‘ചിത്ര’ത്തിലെ പശ്ചാത്തലസംഗീതവും മോഹന്‍ലാലിന്റെ സംഭാഷണവും ചേര്‍ത്ത് ഹൃദയത്തിലെ ഉണക്കമുന്തിരി പാട്ടിന്റെ എഡിറ്റഡ് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസനും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ 21 ന് ഹൃദയം തിയേറ്ററുകളിലെത്തി. പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠനെ പ്രണവ് മികച്ചതാക്കി. അയാള്‍ കടന്നുപോകുന്ന വ്യത്യസ്തമായ വികാരങ്ങളെയും ജീവിതമുഹൂര്‍ത്തങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞു.

ആരോടെങ്കിലുമുള്ള ദേഷ്യവും നഷ്ടബോധവുമൊക്കെ മറ്റുള്ളവരോട് തീര്‍ക്കുന്നതും, ഒരാളുമായി പ്രണയത്തിലായിരിക്കെ മറ്റൊരാളോട് തോന്നുന്ന ഇഷ്ടവും സുഹൃത്തുക്കള്‍ക്കിടയിലെ പ്രശ്നങ്ങളും തിരിച്ചറിവുണ്ടാകുന്ന നിമിഷങ്ങളുമെല്ലാം പ്രണവ് നന്നായി തന്നെ അവതരിപ്പിച്ചു. പ്രേക്ഷകര്‍ക്ക് ഇതിനോടെല്ലാം ഒരു കണക്ഷന്‍ തോന്നുകയും ചെയ്യും.

ചിത്രം ഒരു ഘട്ടത്തില്‍ ഗൗരവതരമായ വേഗതകളിലേക്കും സങ്കീര്‍ണതകളിലേക്കും നീങ്ങുമ്പോള്‍ പ്രണവ് പൂര്‍ണമായും കഥാപാത്രമായി മാറിക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചില പിഴവുകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും പ്രതീക്ഷ വെക്കാവുന്ന നടന്‍ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pranav mohanlal career growth from aadhi to hridayam

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.