കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. “നോട്ട് എ ഡോണ്‍ സ്റ്റോറി” എന്ന ടാഗ് ലൈനോടെയാണ് ചിത്രം ടൈറ്റില്‍ പുറത്തുവിട്ടത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന്‍, പോക്കിരി രാജ, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ടോമിച്ചന്‍.
ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ കൊച്ചിയിലാണ് നടന്നത്. ചടങ്ങില്‍ പ്രണവ് മോഹന്‍ലാല്‍, മോഹന്‍ലാല്‍, ആസിഫ് അലി, സുചിത്ര മോഹന്‍ലാല്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ടൈറ്റിലിന് സാമ്യമുള്ള പുതിയപേര് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
പ്രണവിന്റെ ആദ്യ ചിത്രം ആദി വന്‍ വിജയമായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
2002 ല്‍ മികച്ച ബാല താരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് വാങ്ങിയ താരമാണ് പ്രണവ്. മേജര്‍ രവി സംവിധാനം ചെയ്ത “പുനര്‍ജനി” എന്ന ചിത്രത്തിലുടെയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. “ഒന്നാമന്‍”, “സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്” എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രണവ് അതിഥി വേഷത്തില്‍ എത്തിയിരുന്നു.