| Thursday, 7th June 2018, 5:08 pm

എന്തിന് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തു എന്ന് പ്രണബാണ് പറയേണ്ടത്; മകന്‍ നിലപാട് വ്യക്തമാക്കണമെന്നും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് മകന്‍ അഭിജിത് മുഖര്‍ജി നിലപാട് വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. ആര്‍.എസ്.എസ് ചടങ്ങില്‍ പ്രണബ് പങ്കെടുക്കുന്നത് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ബി.ജെ.പിയ്ക്ക് ആയുധം കൊടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ അഗാധമായ അറിവുള്ളയാളാണ് പ്രണബ്. മുര്‍ഷിദാബാദില്‍ നിന്ന് മത്സരിക്കാന്‍ ഞങ്ങളാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. പക്ഷെ നാഗ്പൂരിലെ ആര്‍.എസ്.എസ് ചടങ്ങില്‍ അദ്ദേഹം എന്തിന് പങ്കെടുത്തുവെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ട കാര്യമാണ്.”

അധിര്‍ രഞ്ജന്‍ ചൗധരി

പ്രണബിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അഭിജിത് ഒന്നും പറയുന്നില്ലെങ്കില്‍ അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജംഗിപുര മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ പ്രണബിന്റെ മകള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതുപോലെ അഭിജിതും പ്രതികരിക്കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  ‘അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും’: യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മഹന്ത് സുരേഷ് ദാസ്

നേരത്തെ പ്രണബ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് മകള്‍ ശര്‍മിസ്ത മുഖര്‍ജി രംഗത്തെത്തിയിരുന്നു. അച്ഛന്‍ ബി.ജെ.പിയിലെ വൃത്തികേടുകള്‍ മനസ്സിലാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു ശര്‍മിസ്തയുടെ പ്രതികരണം.

അഭിജിത് മുഖര്‍ജിയും പ്രണബ് മുഖര്‍ജിയും

നേരത്തെ പല മാധ്യമങ്ങളും ശര്‍മിസ്ത ബി.ജെ.പിയില്‍ ചേരുമെന്നും 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രണബിന്റെ മകള്‍.

താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചാണെന്നും, കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നും ശര്‍മിസ്ത പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more