ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആഘോഷിച്ച ചരിത്രം കൂടി പ്രണബ് മുഖര്‍ജി അവരെ ഓര്‍മ്മിപ്പിക്കണമായിരുന്നു: സീതാറാം യെച്ചൂരി
national news
ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആഘോഷിച്ച ചരിത്രം കൂടി പ്രണബ് മുഖര്‍ജി അവരെ ഓര്‍മ്മിപ്പിക്കണമായിരുന്നു: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th June 2018, 10:47 pm

ന്യൂദല്‍ഹി: നാഗ്പൂരില്‍ പോയി പ്രസംഗിച്ച പ്രണബ് മുഖര്‍ജിയുടെ ഗാന്ധിവധത്തെ കുറിച്ചുള്ള മൗനം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രസംഗത്തില്‍ പ്രണബ് ആര്‍.എസ്.എസിനെ അതിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കണമായിരുന്നുവെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

ഗാന്ധി വധത്തെ തുടര്‍ന്നടക്കം മൂന്നു തവണ ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. ആദ്യം സര്‍ദാര്‍ പട്ടേലാണ് ആര്‍.എസ്.എസിനെ നിരോധിച്ചത്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം ചെയ്യുകയും ചെയ്തതായി പട്ടേല്‍ ഗോള്‍വാള്‍ക്കറിന് എഴുതിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പ്രണബ് പറഞ്ഞിരുന്നെങ്കില്‍ നന്നാവുമായിരുന്നെന്നും യെച്ചൂരി പറഞ്ഞു.

പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയത്‌നിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍; പിണറായി വിജയന്‍

ആര്‍.എസ്.എസ് ആസ്ഥാനത്ത് ഹെഡ്ഗെവാറിനെ പ്രണബ് മുഖര്‍ജി പുകഴ്ത്തിയിരുന്നു. ഹെഡ്ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് ആര്‍.എസ്.എസ് സ്ഥാപക നേതാവിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയത്.

അരമണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ ദേശം, ദേശീയത, ദേശസ്നേഹം, മതേതരത്വം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പ്രണബ് കൂടുതലും സംസാരിച്ചിരുന്നത്.