നാഗ്പൂര്‍: മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവയെ കൊണ്ട് ദേശീയതയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തെ ഇല്ലാതാക്കുമെന്നും രാഷ്ടട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ സാമൂഹി- സാമ്പത്തിക ഉന്നമനത്തിനുള്ള മാഗ്നാകാര്‍ട്ടയാണ് ഭരണഘടനയെന്നും ആരെയും ശത്രുക്കളായി കാണാത്തതാണ് രാജ്യത്തെ ഐക്യപ്പെടുത്തുന്നതും ജനാധിപത്യ രാജ്യമായി നിലനിര്‍ത്തുന്നതെന്നും പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പറഞ്ഞു.
വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. കോപത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടത്. പ്രണബ് പറഞ്ഞു.
ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പ്രണബ് മുഖര്‍ജി പറഞ്ഞു.
ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു തനിക്ക് മനസിലായത് പറയാനാണെന്നു പറയാനാണ് താന്‍ വന്നതെന്നും പ്രണബ് പറഞ്ഞു. നേരത്തെ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗെവാറിനെ പ്രണബ് മുഖര്‍ജി പുകഴ്ത്തിയിരുന്നു. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് ആര്‍.എസ്.എസ് സ്ഥാപക നേതാവിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയത്.