പ്രണബ് മുഖർജിക്കും, ഭുപൻ ഹസാരികയ്ക്കും,നാനാജി ദേശ്മുഖിനും ഭാരതരത്ന പുരസ്ക്കാരം
national news
പ്രണബ് മുഖർജിക്കും, ഭുപൻ ഹസാരികയ്ക്കും,നാനാജി ദേശ്മുഖിനും ഭാരതരത്ന പുരസ്ക്കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th January 2019, 9:20 pm

ന്യൂദൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഭാരതരത്ന പുരസ്‌കാരം. പ്രണബ് മുഖർജി ഉൾപ്പെടെ മൂന്നു പേർക്കാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടർ ഭുപൻ ഹസാരിക, നാനാജി ദേശ്‌മുഖ് എന്നിവരാണ് മറ്റ് രണ്ടുപേർ. മരണാനന്തര ബഹുമതിയായാണ് ഇരുവർക്കും ഭാരതരത്ന ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Also Read ഇത് അപ്പന്റെ “ഡോണ്‍” അല്ല മകന്റെ “കാമുകന്‍”; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യു

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് പ്രണബ് മുഖർജി. രണ്ടാം യു.പി.എ. ഭരണകാലത്ത് കേന്ദ്ര ധനമന്ത്രിയായും പ്രണബ് മുഖർജി സേവനമനുഷ്ടിച്ചിട്ടുണ്ട്. അതുകൂടാതെ ഒന്നാം യു.പി.എ ഭരണത്തിന്റെ സമയത്ത് പ്രതിരോധ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും അദ്ദേഹം ഭരണത്തിലിരുന്നു.

ബി.ജെ.പിയുടെ മുൻഗാമിയായിരുന്ന ഭാരതീയ ജനസംഘത്തിന്റെ നേതാവും സാമൂഹിക പ്രവർത്തകനുമായ നാനാജി ദേശ്മുഖ് ആണ് ആണ് പുരസ്കാരം ലഭിച്ചവരിൽ രണ്ടാമത്. 2010 ഫെബ്രുവരിയിൽ മരണമടഞ്ഞ ദേശ്മുഖിന് മരണാന്തര ബഹുമതിയായാണ് ഭാരതരത്ന സമ്മാനിച്ചിരിക്കുന്നത്. 1999ൽ ഇദ്ദേഹത്തിന് പദ്മവിഭൂഷണും ലഭിച്ചിരുന്നു. 1951 മുതൽ 1977 വരെയാണ് അഖില ഭാരതീയ ജനസംഘം നിലവിലിരുന്നത്. പിന്നീടാണ്, 1980ൽ ഈ പാർട്ടി ഭാരതീയ ജനതാ പാർട്ടിയായി പുനർനാമകരണം ചെയ്യപ്പെടുന്നത്.

Also Read പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാഗംങ്ങൾക്ക് റിപ്പബ്ലിക്ക് ദിനത്തിൽ ആദരം; അഭിലാഷ് ടോമിക്കും മെഡൽ

പ്രമുഖ സംഗീതജ്ഞനായിരുന്ന ഡോക്ടർ ഭുപൻ ഹസാരിക ആസ്സാമീസ് ഭാഷയിലാണ് ഗാനങ്ങൾ എഴുതിയിരുന്നതും പാടിയിരുന്നതും. 1975 മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. തുടർന്ന് സംഗീത നാടക അക്കാദമിയുടെ അവാർഡ്, ദാദ സാഹിബ് ഫാൽക്കെ അവാർഡ്, പദ്മശ്രീ, പദ്‌മഭൂഷൺ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു. 1998 മുതൽ 2003 വരെ സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്നു ഭുപൻ ഹസാരിക.