കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് അഭിജിത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
‘ഞാന്‍ തൃണമൂല്‍ ഭവനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍. ജംഗിപൂര്‍ മണ്ഡലത്തിലാണ്. എന്നെ ഇപ്പോള്‍ ഇവിടെ നിന്ന് ആരെങ്കിലും ടെലിപോര്‍ട്ട് ചെയ്താല്‍ അല്ലാതെ ഞാന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ പോകുന്നില്ല,’ എന്നാണ് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്.
എന്നാല്‍ അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്.
‘ഞാന്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്,’ എന്നാണ് ജൂണില്‍ അദ്ദേഹം പി.ടി.ഐ.യോട് പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ച് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അഭിജിത്ത് മുഖര്‍ജി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.
ജിതിന്‍ പ്രസാദയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്ത് മുഖര്‍ജി. ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ ലോക്‌സഭാംഗമായി അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pranab Mukherjee’s Son And Cong Leader Abhijit Mukherjee Likely To Join TMC