കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി. 2021ലാണ് അഭിജിത് മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അഭിജിത് മുഖര്‍ജി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ താത്പര്യം പ്രകടിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് അഭിജിത് മുഖര്‍ജി എ.എന്‍.ഐയോട് പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. കാരണം വെളിപ്പെടുത്താനാകില്ലെന്നും ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രണ്ടര വര്‍ഷം കോണ്‍ഗ്രസ് ഏല്‍പ്പിച്ച ചുമതലകളെല്ലാം ഞാന്‍ നിര്‍വഹിച്ചു. പക്ഷേ അവര്‍ എനിക്ക് വേണ്ടത്ര അവസരങ്ങള്‍ അന്ന് നല്‍കിയില്ല. അതിനിടെയാണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്,’ അഭിജിത് മുഖര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
അവരുടെ തൊഴില്‍ സംസ്‌ക്കാരം കോണ്‍ഗ്രസുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. ഒടുവില്‍ മതിയെന്ന് കരുതിയാണ് താന്‍ നിര്‍ത്തുന്നത്. സുഹൃത്തും കോണ്‍ഗ്രസിന്റെ ഭാവിയുമായ രാഹുല്‍ ഗാന്ധിയാണ് തന്നോട് പാര്‍ട്ടിയില്‍ സജീവമാകാന്‍ പറഞ്ഞതെന്നും അഭിജിത് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണാന്‍ താന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തനിക്ക് ഒരു അവസരം കൂടെ തന്നാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് വേണ്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Pranab Mukherjee’s son Abhijit eyes Congress return