| Tuesday, 21st May 2019, 8:24 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയത് ഏറ്റവും മികച്ച രീതിയില്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ ഭിന്നത ഉടലെടുക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കമ്മീഷനെതിരെ നിലകൊള്ളുകയും ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

‘ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്‍ മുതല്‍ ഇപ്പോഴത്തെ കമ്മീഷണര്‍ വരെ മികച്ച രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എക്‌സിക്യൂട്ടീവ് നിയമിച്ച മൂന്ന് കമ്മീഷണര്‍മാരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്.’ പ്രണബ് മുഖര്‍ജി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പുതിയ ഒരു മാര്‍ഗം ഉണ്ടാവണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ട്.

അതേസമയം മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്നത് തന്റെ ഭരണഘടനാ ബാധ്യതയാണെന്ന നിലപാടാവര്‍ത്തിച്ച് കമ്മീഷന് അംഗമായ അശോക് ലവാസ ഇന്ന് വീണ്ടും രംഗത്തെത്തിയിട്ടുണ്ട. തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരാന്‍ ഇരിക്കെയാണ് അശോക് ലവാസ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ആദരവും നഷ്ടപ്പെട്ടെന്ന് രാഹുല്‍ഗാന്ധിയും പ്രതികരിച്ചിരുന്നു. മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ ക്ലീന്‍ചിറ്റ് നല്‍കിയതിന് പുറമെ അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണസമയത്ത് കേദാര്‍നാഥില്‍ മോദി നടത്തിയ സന്ദര്‍ശനത്തിനും അനുമതി നല്‍കിയതോടെയാണ് രാഹുല്‍ രംഗത്തെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more