ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആര്‍മിയുടെ റിസേര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ നീക്കിയെന്ന് ആശുപത്രി അധികൃതര്‍ പിടിഐയോട് പറഞ്ഞു.
മുഖര്‍ജിയുടെ നിലഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
ആശുപത്രി വിദഗ്ധ സംഘം 84കാരനായ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയിലെ പുരോഗതി വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖര്‍ജി തന്നെയായിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
‘മറ്റൊരു കാര്യത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞാനുമായി കഴിഞ്ഞ ആഴ്ചയില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രണബ് മുഖര്‍ജിയുടെ ട്വീറ്റിന് പിന്നാലെ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ കൊവിഡ് മുക്തി നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പിയുഷ് ഗോയല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗേ തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തു.