| Saturday, 1st September 2018, 12:13 pm

ആര്‍.എസ്.എസുമായി ബന്ധമില്ല: ആരോപണം തള്ളി പ്രണബ് മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഫൗണ്ടേഷന്‍ ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രണബ് മുഖര്‍ജി പത്രക്കുറിപ്പിറക്കി.

2016 ജൂലൈയില്‍ ഹരിയാന സര്‍ക്കാര്‍ തുടങ്ങിയ “സ്മാര്‍ട്ട്ഗ്രാമം” പദ്ധതി പ്രകാരം രാഷ്ട്രപതിയായിരിക്കെ ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആര്‍.എസ്.എസുമായി സഹകരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഞായറാഴ്ച ഫൗണ്ടേഷന്റെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി പ്രണബ് കുമാര്‍ മുഖര്‍ജി വേദി പങ്കിടുന്നുണ്ട്.


Read:  ദല്‍ഹി സര്‍വകലാശാലയില്‍ ഐസ പ്രസിഡന്റിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം


“സ്മാര്‍ട്ട്ഗ്രാമം” പദ്ധതിയുടെ ഭാഗമായി ഗുര്‍ഗോണിലെ ഹര്‍ചന്ദ്പൂര്‍, നയാഗൊണ്‍ ഗ്രാമങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നത് ഉള്‍പ്പടെയുള്ള സേവന സംരഭംങ്ങള്‍ ആരംഭിക്കുന്നുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും പ്രണബിനൊപ്പം ഖട്ടാര്‍ പങ്കെടുക്കുന്നുണ്ട്.

പരിപാടിയിലേക്ക് മുതിര്‍ന്നവരും ചെറുപ്പക്കാരുമായ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രണബ് ക്ഷണിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു ദിവസം മുന്‍പ് ഈ സംഘം മുന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു.

ഹരിയാനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത സംഘം പ്രണബിന് ആര്‍.എസ്.എസിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more