| Monday, 11th June 2018, 2:36 pm

ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനം; പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ നിന്ന് ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ല.

സീ ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചടങ്ങിലേക്ക് ഒട്ടേറെ പ്രമുഖരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രണബ് മുഖര്‍ജിയും  ക്ഷണിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്തെ താജ് പാലസ് ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് നടക്കുക.

നേരത്തെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ഷിക പരിപാടിയായ സംഘ് ശിക്ഷ് വര്‍ഗ്ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം എതിര്‍പ്പ് അറിയിച്ചിട്ടും പ്രണബ് ചടങ്ങില്‍ പങ്കെടുത്തതാണ് ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രണബ് നടത്തിയ പ്രസംഗം കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതായിരുന്നു. ആര്‍.എസ്.എസിന് സത്യത്തിന്റെ കണ്ണാടി പ്രണബ് പ്രസംഗത്തിലൂടെ കാണിച്ചു കൊടുത്തുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more