| Friday, 31st August 2018, 11:29 am

പ്രണബ് മുഖര്‍ജി ഹരിയാനയില്‍ ആര്‍.എസ്.എസുമായി കൈകോര്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ “പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍” ഹരിയാനയില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഹരിയാനയിലെ ഗ്രാമങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സഹകരണമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച ഫൗണ്ടേഷന്റെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി പ്രണബ് കുമാര്‍ മുഖര്‍ജി വേദി പങ്കിടുന്നുണ്ട്.

ഫൗണ്ടേഷന്റെ “സ്മാര്‍ട്ട്ഗ്രാമം” പദ്ധതിയുടെ ഭാഗമായി ഗുര്‍ഗോണിലെ ഹര്‍ചന്ദ്പൂര്‍, നയാഗൊണ്‍ ഗ്രാമങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നത് ഉള്‍പ്പടെയുള്ള സേവന സംരഭംങ്ങള്‍ ആരംഭിക്കുന്നുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും പ്രണബിനൊപ്പം ഖട്ടാര്‍ പങ്കെടുക്കുന്നുണ്ട്.

പരിപാടിയിലേക്ക് മുതിര്‍ന്നവരും ചെറുപ്പക്കാരുമായ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രണബ് ക്ഷണിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു ദിവസം മുന്‍പ് ഈ സംഘം മുന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ഹരിയാനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത സംഘം പ്രണബിന് ആര്‍.എസ്.എസിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഹരിയാനയില്‍ പ്രത്യേകിച്ച് ഗുര്‍ഗോണില്‍ ആര്‍.എസ്.എസിന് നല്ല സ്വാധീനമുണ്ട്. സാമൂഹിക പ്രവര്‍ത്തനമാണ് നടത്തുന്നത്. അതുകൊണ്ട് എല്ലാ സഹായങ്ങളും പ്രണബിന് നല്‍കും. ഒരു ആര്‍.എസ്.എസ് നേതാവ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

അതേ സമയം ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ടെന്നും എന്നാല്‍ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പ്രണബിന്റെ സഹായികളിലൊരാള്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

പ്രണബിന്റെ പരിപാടിയില്‍ ഖട്ടാര്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായ രാജീവ് ജെയിന്‍ ഇക്കണോമിക് ടൈംസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

മോഹന്‍ഭാഗവതിന്റെ ക്ഷണപ്രകാരം ജൂണില്‍ പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആര്‍.എസ്.എസിനെതിരെ ശക്തമായ ക്യാംപെയിന്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആര്‍.എസ്.എസുമായി പ്രണബ് സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

We use cookies to give you the best possible experience. Learn more