| Monday, 2nd October 2023, 7:56 am

കൊത്തയുടെ സെറ്റ് കണ്ടപ്പോള്‍ ഹിറ്റ് ആകുമെന്ന് തോന്നി, അന്ന് പറഞ്ഞതിന് ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നു: പ്രമോദ് വെളിയനാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് പ്രമോദ് വെളിയനാട്. അഭിലാഷ് ജോഷി-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലും പ്രമോദ് ചെറിയ വേഷം ചെയ്തിരുന്നു.

സിനിമയുടെ റിലീസിന് മുമ്പ് അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു പ്രമോദ് ചിത്രത്തെ പറ്റി പങ്കുവെച്ചത്.

നായകന് നൂറ് കയ്യടി കിട്ടിയാല്‍ അതില്‍ പത്തും തനിക്ക് ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം പ്രമോദിനെതിരെ വലിയ രീതിയില്‍ സൈബര്‍ അക്രമണം ഉണ്ടായി.

സിനിമക്ക് ഹൈപ്പ് കൂടാനുള്ള ആദ്യ കാരണം പ്രമോദിന്റെ വാക്കുകള്‍ ആയിരുന്നുവെന്നാണ് സൈബര്‍ ആക്രമണം നടത്തിയവരുടെ പക്ഷം.

ഇപ്പോഴിതാ ഈ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പറയുകയാണ് പ്രമോദ്. താന്‍ ജീവിതത്തില്‍ ഒരിക്കലും കാണാത്ത ആളുകള്‍ ആണ് മോശം കമന്റുകള്‍ പറയുന്നതെന്നും അവരോട് ഒക്കെ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും പ്രമോദ് ചോദിക്കുന്നു.

‘എന്റെ ജീവിതത്തില്‍ അങ്ങനെയൊരു വലിയ സിനിമ ഞാന്‍ ചെയ്തിട്ടില്ല. അന്ന് സിനിമയുടെ സെറ്റ് കണ്ടപ്പോള്‍ വലിയ ഹിറ്റാകും എന്നാണ് തോന്നിയത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ഒരു നേരത്തെ അന്നം തന്ന സിനിമയെ പറ്റി ഞാന്‍ മോശം എന്ന് ആണോ പറയേണ്ടത്. നെഗറ്റീവ് കമന്റ് ഇട്ടവരെ ഒന്നും ഞാന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല, അങ്ങനെ കാണാത്ത ഇവരോട് ഒക്കെ ഞാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്,’ പ്രമോദ് ചോദിക്കുന്നു.

നാലാം ക്ലാസില്‍ ബെഞ്ചില്‍ കയറി പാട്ട് പാടി കലാ ജീവിതം തുടങ്ങിയ ആളാണ് താനെന്നും ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സ്വപ്ന തുല്യമായ അവസ്ഥയില്‍ ആണെന്നും പ്രമോദ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം പ്രഭുദേവയുടെ അടുത്ത തമിഴ് ചിത്രത്തിലും പ്രമോദ് വെളിയനാട് അഭിനയിക്കുന്നുണ്ട്. ടൊവിനോ തോമസ് ചിത്രം കളയിലെ പ്രമോദിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Pramod veliyand says that he got lot of cyber attack after the release of king of kotha movie

We use cookies to give you the best possible experience. Learn more